ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രിയും കർണാടക ബി.ജെ.പി മുൻ അധ്യക്ഷനുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അദ്ദേഹത്തിന് പാർട്ടി പതാക കൈമാറി വരവേറ്റു.
ലിംഗായത്ത് നേതാവായതുകൊണ്ടാണ് തന്നെ ബി.ജെ.പി തഴഞ്ഞതെന്നും സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കൾ സ്വാർഥതാൽപര്യത്തിന് പ്രവർത്തിക്കുകയാണെന്നും ജഗദീഷ് ഷെട്ടാർ ആരോപിച്ചു.
എം.എൽ.എ സ്ഥാനം രാജിവെച്ച് ഞായറാഴ്ച സ്പീക്കർക്ക് കത്തുനൽകിയ അദ്ദേഹം രാത്രിയോടെ ബി.ജെ.പി അംഗത്വവും ഒഴിഞ്ഞിരുന്നു. തുടർന്ന് കോൺഗ്രസിലെ ലിംഗായത്ത് നേതാക്കളായ ഷാമന്നൂർ ശിവശങ്കരപ്പ, എം.ബി. പാട്ടീൽ എന്നിവരെ കൂടാതെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല എന്നിവർക്കൊപ്പം ഷാമന്നൂരിന്റെ ബംഗളൂരുവിലെ വസതിയിലും ഏറെനേരം കൂടിക്കാഴ്ച നടത്തി.
ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ നാമനിർദേശപത്രികക്കായുള്ള ബി ഫോം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഷെട്ടാറിന് കൈമാറി. കർണാടക രാഷ്ട്രീയത്തിലെ ചരിത്രപരമായ ദിനമാണിതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഒരു തോൽവി പോലും വഴങ്ങാത്ത ഷെട്ടാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ കറുത്ത പാടുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.