ജൈന ആചാര്യന്റെ ഭൗതികശരീരം ചുമന്ന് അക്രമികൾ സഞ്ചരിച്ചത് 35 കി.മീ.
text_fieldsബംഗളൂരു: ചിക്കോടി ഹെരെകോഡിയിലെ ജൈന മതാചാര്യൻ ശ്രീകാമകുമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽനിന്നു തന്നെ കൊലപ്പെടുത്തിയശേഷം ഭൗതികശരീരം കൊണ്ടുപോയി തള്ളുകയായിരുന്നെന്ന് പൊലീസ്. ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ 35 കി.മീ. സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സന്യാസി പ്രഭാതഭക്ഷണ ശേഷം പാചകക്കാരിയും ആശ്രമം അന്തേവാസിയുമായ കുസുമ പാത്രങ്ങളുമായി തിരിച്ചുപോയാൽപിന്നെ ആ ദിവസം മുറിയിൽ ആരും പ്രവേശിക്കില്ലെന്ന് മുഖ്യപ്രതി നാരായണ മാലി ബസപ്പ മനസ്സിലാക്കിയിരുന്നു. വൈദ്യുതാഘാതം ഏൽപിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവ്വൽ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി. ചാക്കിൽ പൊതിഞ്ഞ മൃതദേഹവും ചുമന്ന് മോട്ടോർ സൈക്കിളിൽ 35 കി.മീ. അകലെ മാലിയുടെ ഗ്രാമമായ ഖടകഭാവിയിൽ എത്തിച്ചു. തുണ്ടംതുണ്ടമാക്കിയ ശരീരം കുഴൽക്കിണറിൽ ഉപേക്ഷിച്ചു. ചോരപുരണ്ട വസ്ത്രങ്ങളും സന്യാസിയുടെ ഡയറിയും കത്തിച്ചു. പിറ്റേന്ന് രാവിലെ കുസുമ ആഹാരവുമായി മുറിയിൽ ചെന്നപ്പോൾ ആചാര്യയെ കണ്ടില്ല. സന്യാസി ഉപയോഗിക്കാറുള്ള സാധനങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു. ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ പരിശോധനയിൽ സന്യാസിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. പണവും രേഖകളും സൂക്ഷിക്കുന്ന മുറി തുറന്നുകിടക്കുകയായിരുന്നു. ഇതേതുടർന്ന് ശനിയാഴ്ച ഉച്ചക്ക് 12ഓടെ ചിക്കോടി പൊലീസിൽ പരാതി നൽകി. നാലാം മണിക്കൂറിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞു. തുടർന്ന് അറസ്റ്റുമുണ്ടായി. നാരായണ മാലി ആചാര്യയുമായി ഏറെ അടുപ്പം സ്ഥാപിച്ചിരുന്നു. ഇത് മറയാക്കി, വാങ്ങിയ ലക്ഷങ്ങൾ തിരിച്ചുചോദിച്ചപ്പോൾ സന്യാസിയെ കൊലപ്പെടുത്തിയെന്നും സഹായിയായി ലോറി ഡ്രൈവർ ഹസ്സൻ ദലായത്തിനെ ഒപ്പംകൂട്ടുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.