സമാനമനസ്കരുമായി ചേർന്ന് ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തും -ജമാഅത്തെ ഇസ്ലാമി
text_fieldsബംഗളൂരു: രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും യഥാർഥ സ്ഥിതി വിവരിച്ച് സമാന മനസ്കർക്കൊപ്പം ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുമെന്ന് ജമാഅത്തെ ഇസ്ലാമി കർണാടക അധ്യഷൻ ഡോ. മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു. ബംഗളൂരു ക്വീൻസ് റോഡിലെ ബിഫ്റ്റിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സാഹചര്യം ഗുരുതരമാണ്. നേട്ടങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും ഇത്തരം വെല്ലുവിളികൾ നമുക്കു മുന്നിലുണ്ട്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ -സാമൂഹിക പശ്ചാത്തലത്തിൽ സമാനമനസ്കർ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട ശബ്ദങ്ങളല്ല; ഒന്നിച്ചുള്ള ശബ്ദങ്ങളാണ് ഉയരേണ്ടത്.
കർണാടകയിൽ ബെളഗാവി, നർഗുണ്ട്, ശിവമൊഗ്ഗ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. അഴിമതി കേസുകളിൽ മന്ത്രിക്ക് അടക്കം ക്ലീൻ ചിറ്റ് നൽകപ്പെടുന്നു. യു.പി മുഖ്യമന്ത്രി യോഗിയുടെ മാതൃകയിൽ ബുൾഡോസർ രാജ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിതന്നെ പ്രസ്താവന നടത്തുന്നു.
ഹിജാബ്, ബാങ്ക്, ഹലാൽ മാംസം, സാമ്പത്തിക ബഹിഷ്കരണം തുടങ്ങി പല കാരണങ്ങളാൽ സമൂഹത്തെ വർഗീയവത്കരിക്കുന്നതിന് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ഏറെ നിർണായകമാണെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും യഥാർഥ വസ്തുത ജനങ്ങളിലേക്കെത്തിക്കാൻ സമാനമനസ്കരുമായും വിവിധ എൻ.ജി.ഒകളുമായും ചേർന്ന് ബോധവത്കരണ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി മൗലാന വഹീദുദ്ദീൻ ഖാൻ, വൈസ് പ്രസിഡന്റ് യൂസുഫ് കന്നി, ബംഗളൂരു സിറ്റി പ്രസിഡന്റ് പ്രഫ. ഹാറൂൺ സർദാർ, വനിത വിഭാഗം സിറ്റി കൺവീനർ തസ്നീം ഫർസാന, ലയീഖുല്ല ഖാൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.