ഫാഷിസത്തിനെതിരെ സമാധാന മാർഗത്തിലൂടെ പ്രതിരോധം തീർക്കും -ജമാഅത്ത്
text_fieldsബംഗളൂരു: ഫാഷിസത്തിനെതിരെ സമാധാന മാർഗത്തിലൂടെയുള്ള പ്രതിരോധം തീർക്കുമെന്നും സകലമനുഷ്യരുടെയും സമൂല വികാസത്തിനായുള്ള വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ജമാഅത്തെ ഇസ്ലാമി കർണാടക ഭാരവാഹികൾ. സംഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പ്രത്യേക മാധ്യമ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. സാമൂഹിക സൗഹാർദം, നീതി, ന്യായം, സമൂഹത്തിന്റെ ധാർമിക ഉന്നമനം, സേവനപ്രവൃത്തികൾ തുടങ്ങിയ വിവിധ മേഖലകളിൽ ജമാഅത്ത് തുടർന്നുവരുന്ന വിവിധ പദ്ധതികൾ നേതാക്കൾ പരിചയപ്പെടുത്തി. കർണാടകയിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംഘടനക്ക് ബംഗളൂരുവിലടക്കം ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ, വിവിധ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്. മത-ജാതി-ഭാഷാ ഭേദെമന്യേ എല്ലാവർക്കുമായാണ് സേവനം നടത്തുന്നത്.
രാജ്യത്തും സംസ്ഥാനത്തും സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള വെറുപ്പ് പ്രചരിപ്പിക്കലിനും വിഭാഗീയ, വർഗീയ പ്രവർത്തനങ്ങൾക്കുമെതിരെ ചർച്ചയുടെയും സമാധാനത്തിന്റെയും മാർഗത്തിൽ ജമാഅത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനായി വിവിധ മതനേതാക്കൾ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ തുടങ്ങിയവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഭിന്നിച്ചുപോവാതിരിക്കുകയാണ് വേണ്ടത്. ഇതിനായുള്ള ശ്രമങ്ങളിൽ ജമാഅത്ത് സഹകരിക്കും. മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. എല്ലാവരും വോട്ടുചെയ്യണം. അതുവഴി തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം. ഇതിനായുള്ള പരിശ്രമവും ബോധവത്കരണവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. ബെൽഗാമി മുഹമ്മദ് സഅദ്, ബംഗളൂരു സിറ്റി പ്രസിഡന്റ് ശൈഖ് ഹാറൂൺ സഫ്ദർ, വൈസ്പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കന്നി, സെക്രട്ടറി അക്ബറലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.