ജാമിഅ മസ്ജിദ്; പൊതുതാൽപര്യ ഹരജിയുമായി ബജ്റംഗ്ദൾ
text_fieldsബംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിൽ അവകാശമുന്നയിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങൾ ഉണ്ടെന്നും പള്ളി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നുമാണ് ആവശ്യം.
ഗ്യാൻവ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച് പ്രശ്നം കോടതി നടപടികളിൽ കുരുക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദിൽ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകൾ വിഷയത്തിൽ പുതിയ നിയമക്കുരുക്കുകൾ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹരജി നൽകിയിരിക്കുന്നത്.
ഹിന്ദുമത ഗ്രന്ഥങ്ങളിൽ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകൾ ഹരജി നൽകാൻ തയാറായതെന്നും ബജ്റംഗ് സേന പ്രസിഡന്‍റ് ബി. മഞ്ജുനാഥ് പറഞ്ഞു.
മസ്ജിദേ അഅല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണ കോട്ടക്കകത്താണ് ഉള്ളത്. 1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനാണ് പള്ളി നിർമിച്ചത്. മദ്റസയും മസ്ജിദുമടങ്ങുന്ന ജാമിഅ മസ്ജിദ് കെട്ടിടത്തിന്‍റെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജി വകുപ്പാണ്.
ഹനുമാൻ ക്ഷേത്രം തകർത്താണ് ടിപ്പു സുൽത്താൻ ജാമിഅ മസ്ജിദ് നിർമിച്ചതെന്നും ഹൊയ്സാല രാജവംശത്തിന്‍റെ അടയാളങ്ങൾ പള്ളിക്കകത്തുണ്ടെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്. അതേസമയം, തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.metro
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.