കരുത്തുകാട്ടി മൈസൂരുവിൽ ജനാന്ദോളന റാലി
text_fieldsബംഗളൂരു: ജനങ്ങൾ മനുവാദികളെ പുറന്തള്ളണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനാന്ദോളന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് ഒമ്പത് എന്ന തീയതി ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ വാർഷികമാണ്. നമ്മുടെ രാജ്യത്തുനിന്ന് ബ്രിട്ടീഷുകാരെ പുറന്തള്ളാനുള്ള പ്രസ്ഥാനത്തിന്റെ ഓർമയാണതു പകരുന്നത്. രാജ്യത്ത് വർഗീയതയുടെയും ജാതീയതയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെയാണ് ഇന്ന് നാം പുറന്തള്ളേണ്ടത്. പിന്നാക്ക വിഭാഗക്കാരെ സഹിക്കാത്ത, അവരെ ചൂഷണത്തിന് വിധേയമാക്കുന്ന മനുവാദികളെയും ജാതീയവാദികളെയും പ്രമാണികളെയുമാണ് നാം എതിർക്കേണ്ടത്.
കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ ദേവരാജ് അരശ്, എസ്. ബംഗാരപ്പ, എം. വീരപ്പ മൊയ്ലി എന്നിവർ പിന്നാക്ക സമുദായത്തിൽനിന്നുള്ളവരായതിനാലാണ് അവരെ നിർബന്ധിച്ച് അധികാരത്തിൽ നിന്നിറക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ധരം സിങ്ങിനെ പിറകിൽനിന്ന് കുത്തിയവരാണ് ദൾ നേതാക്കളായ ദേവഗൗഡയും കുമാരസ്വാമിയും. അഴിമതിയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾക്ക് തന്നെ ചോദ്യം ചെയ്യാനോ തന്റെ രാജി ആവശ്യപ്പെടാനോ ധാർമിക അവകാശമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മകൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്ക് തന്റെ രാജി ആവശ്യപ്പെടാൻ എന്ത് ധാർമിക അവകാശമാണുള്ളത്? യെദിയൂരപ്പക്ക് ലജ്ജയുണ്ടെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണം. 82 വയസ്സായി. പോക്സോ കേസിൽ പ്രതിയായ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. ആഗസ്റ്റ് 10ന് ഞാൻ രാജിവെക്കണമെന്നാണ് യെദിയൂരപ്പ ആവശ്യപ്പെടുന്നത്. എന്ത് ധാർമികതയാണ് അദ്ദേഹത്തിനുള്ളത്? ഒന്നോ രണ്ടോ അല്ല ഇരുപതോളം അഴിമതികളാണ് യെദിയൂരപ്പ നടത്തിയത്. നിരവധി അഴിമതികളിൽ വിജയേന്ദ്രയും ഉൾപ്പെട്ടിട്ടുണ്ട്. വിജയേന്ദ്ര കോടികളുടെ അഴിമതി നടത്തിയെന്ന് ബി.ജെ.പി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. കുമാരസ്വാമിയുടെ കാര്യത്തിലാണെങ്കിൽ, അദ്ദേഹം ജണ്ടകൽ ഖനന കേസ് മറന്നോ? 20 കമ്പനികൾക്കാണ് അദ്ദേഹം ഖനനം പുനരാരംഭിക്കാൻ അനുമതി നൽകിയത്. രാജി ആവശ്യപ്പെടാൻ കുമാരസ്വാമിക്ക് നാണമില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.
മൈസൂരു വികസന അതോറിറ്റി (മുഡ) അഴിമതി കേസിൽ തനിക്കെതിരെ ഹരജി നൽകിയ മലയാളിയായ ടി.ജെ. അബ്രഹാമിനെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. ആരാണ് ടി.ജെ. അബ്രഹാം? സുപ്രീംകോടതി 25 ലക്ഷം രൂപ പിഴയടപ്പിച്ചയാളാണ് അബ്രഹാം. കെ.എ.എസ് ഉദ്യോഗസ്ഥ ഡോ. സുധയെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ കുറ്റപത്രം നേരിടേണ്ടി വന്നയാളാണ് അദ്ദേഹമെന്നും സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും ചേർന്ന് നടത്തുന്ന ‘മൈസൂരു ചലോ’ പദയാത്ര ശനിയാഴ്ച സമാപിക്കാനിരിക്കെ മൈസൂരുവിൽ വെള്ളിയാഴ്ച നടന്ന ജനാന്ദോളന റാലി കോൺഗ്രസിന്റെ ശക്തിപ്രകടനമായി മാറി. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെ വാല, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവരെ കൂടാതെ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും മറ്റു നേതാക്കളും റാലിയിൽ പങ്കെടുത്തു.
പോക്സോ കേസ്: സത്യം കോടതിയിൽ തെളിയും -യെദിയൂരപ്പ
ബംഗളൂരു: തനിക്കെതിരായ പോക്സോ കേസിലെ സത്യാവസ്ഥ കോടതിയിൽ തെളിയുമെന്നും സിദ്ധരാമയ്യക്ക് ഉചിതമായ മറുപടി ലഭിക്കുമെന്നും മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. പോക്സോ കേസിൽ പ്രതിയായ യെദിയൂരപ്പ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യ വിരമിച്ച് വീട്ടിലിരിക്കാനുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധരാമയ്യക്കെതിരായ മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു യെദിയൂരപ്പയുടെ മറുപടി. അധികം വൈകാതെ കേസ് തീരുമാനമാകും. ആരാണ് വിരമിക്കുകയെന്ന് അപ്പോൾ കാണാം. അതുവരെ ഞാനൊന്നും പറയില്ല. കോടതി വിധിക്കുശേഷം സിദ്ധരാമയ്യക്ക് ഉചിതമായ മറുപടി ലഭിക്കും -യെദിയൂരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.