ജെ.ഡി-എസ് ദേശീയ മീറ്റിങ് തുടങ്ങി; ദേവഗൗഡ വീണ്ടും അധ്യക്ഷൻ
text_fieldsബംഗളൂരു: ജനതാദൾ സെക്കുലർ ദേശീയ അധ്യക്ഷനായി എച്ച്.ഡി. ദേവഗൗഡയെ വീണ്ടും തിരഞ്ഞെടുത്തു. ബംഗളൂരുവിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗമാണ്, മുൻ പ്രധാനമന്ത്രികൂടിയായ ദേവഗൗഡയെ ഐകകണ്േഠ്യന തിരഞ്ഞെടുത്തത്. 1999ൽ പാർട്ടി രൂപവത്കരിച്ചതു മുതൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരുകയാണ് അദ്ദേഹം. ദേവഗൗഡയുടെയും, മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
''വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിർവാഹക സമിതി അംഗങ്ങൾ ദേവഗൗഡയെ ദേശീയ അധ്യക്ഷനായി ഐകകണ്േഠ്യന തിരഞ്ഞെടുത്തു''-പാർട്ടി നേതാവ് പി.ടി.ഐയോടു പറഞ്ഞു. കേരളത്തിൽനിന്നും കർണാടകയിൽനിന്നുമടക്കം 13 സംസ്ഥാനങ്ങളിൽനിന്നായി 200 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
പ്രതിനിധി സമ്മേളനവും പാർലമെന്ററി ബോർഡ് യോഗവും വ്യാഴാഴ്ച നടന്നു. വെള്ളിയാഴ്ച ദേശീയ കൗൺസിൽ യോഗം നടക്കും. വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി പ്രമേയമവതരിപ്പിക്കുമെന്ന് ജെ.ഡി-എസ് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ വശേഷിച്ചും കർണാടകയിലെ മതസൗഹാർദ രംഗത്തു നേരിടുന്ന വെല്ലുവിളിക്കെതിരെയും പ്രമേയം അവതരിപ്പിക്കും. അടുത്ത വർഷം മധ്യത്തോടെ നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ ഒരുക്കുകയാണ് ജെ.ഡി-എസ് ലക്ഷ്യം. കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ജെ.ഡി-എസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സർക്കാറിലെ തമ്മിലടി കാരണം കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കേണ്ടിവരുകയും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലംപൊത്തുകയും ചെയ്തിരുന്നു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജെ.ഡി-എസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനിക്കും. നവംബർ ഒന്നിന് കന്നട രാജ്യോത്സവ ദിനത്തിൽ കോലാറിലെ കുരുടുമലെ ഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഈ പട്ടിക പ്രഖ്യാപിക്കും.
വ്യാഴാഴ്ച ജെ.ഡി-എസിന്റെ പഞ്ചരത്ന പദയാത്രക്ക് ബംഗളൂരു ഗവി ഗംഗാധരേശ്വര ക്ഷേത്രത്തിൽ തുടക്കമായി. എച്ച്.ഡി. കുമാരസ്വാമി ഫ്ലാഗ് ഓഫ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.