ജെ.ഡി.എസ്: സി.എം. ഇബ്രാഹിമിനെ പുറത്താക്കിയെന്ന് വ്യാജകത്ത്
text_fieldsബംഗളൂരു: ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമുമായി ബന്ധപ്പെട്ട വ്യാജകത്തുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജെ.ഡി.എസിന്റെ ലെറ്റർ പാഡിലെന്നോണം ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ പേരിലുള്ളതാണ് ഒരു വ്യാജകത്ത്. സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് ഇതിൽ പറയുന്നത്. അതേസമയം, ഇത് സത്യമാണോ എന്നത് സംബന്ധിച്ച് ദേവഗൗഡയോ മകൻ എച്ച്.ഡി. കുമാരസ്വാമിയോ വ്യക്തമാക്കിയിട്ടില്ല.
ഇത് രണ്ടാം തവണയാണ് ഇബ്രാഹിമിനെ കുറിച്ച് വ്യാജകത്ത് പ്രചരിക്കുന്നത്. നേരത്തേ സി.എം. ഇബ്രാഹിമിന്റെ പേരിലുള്ള ലെറ്റർഹെഡും പ്രചരിച്ചിരുന്നു. ഇതിൽ കുമാരസ്വാമിയെയും മകൻ നിഖിൽ കുമാരസ്വാമിയെയും ജെ.ഡി.എസിൽനിന്ന് പുറത്താക്കിയെന്നാണ് പറയുന്നത്. ഇതിനെതിരെ ചൊവ്വാഴ്ച ഇബ്രാഹിം ജെ.സി. നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ ചേരാനുള്ള ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും തീരുമാനത്തിനെതിരെ നേരത്തേ സി.എം. ഇബ്രാഹിം രംഗത്തുവന്നിരുന്നു. കർണാടകയിൽ ജെ.ഡി-എസിൽ പിളർപ്പ് ആസന്നമായിട്ടുണ്ട്. തിങ്കളാഴ്ച അദ്ദേഹം അനുയായികളുമായി ബംഗളൂരുവിൽ യോഗം ചേർന്നിരുന്നു. എൻ.ഡി.എയിൽ ജെ.ഡി-എസ് ചേരുന്നതിനെതിരെ പാർട്ടി തലവൻ എച്ച്.ഡി. ദേവഗൗഡക്ക് സന്ദേശം നൽകുമെന്നും അംഗീകരിച്ചില്ലെങ്കിൽ അനുയായികളുമായി കൂടിയാലോചിച്ച് തുടർ തീരുമാനം കൈക്കൊള്ളുമെന്നുമാണ് അദ്ദേഹം ഇതിനു ശേഷം പറഞ്ഞത്.
പാർട്ടിയുടെ കർണാടക അധ്യക്ഷൻ താനാണെന്ന് ഓർമിപ്പിച്ച അദ്ദേഹം യഥാർഥ ജെ.ഡി-എസ് തങ്ങളാണെന്നും തന്നെ ആർക്കും നീക്കാനാവില്ലെന്നും അവകാശപ്പെട്ടിരുന്നു. അതിനിടെ അടുത്തുനടക്കുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഇബ്രാഹിമിനെതിരെ നടപടിയെടുക്കുമെന്നാണ് സൂചനകൾ.
അടുത്തിടെ നടത്തിയ പ്രസ്താവനകളുടെ പേരിൽ അദ്ദേഹത്തിന് നോട്ടീസ് നൽകണമെന്ന് ചില പാർട്ടി എം.എൽ.എമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.