കർണാടകയിൽ പുകഞ്ഞ് ജെ.ഡി.എസ് എം.പിയുടെ ലൈംഗികാതിക്രമ കേസ്
text_fieldsബംഗളൂരു: നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയെ(33) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച ബംഗളൂരു, ഹാസൻ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ മാർച്ച് നടത്തി പ്രതിയുടെ കോലം കത്തിച്ചു. മുൻമന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയുടെ മകനായ പ്രജ്വൽ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഹാസൻ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയാണ്.
എം.പിയുടെ പ്രവൃത്തി കർണാടകയെയും രാജ്യത്തെയും നാണിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ബംഗളൂരു കെ.പി.സി.സി ഓഫിസ് പരിസരത്ത് പ്രതിഷേധം ഉദ്ഘാടനംചെയ്ത അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ അൽക ലംബ പറഞ്ഞു. പ്രജ്വൽ രേവണ്ണ എം.പി നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന്റെ 3000ത്തിലേറെ വിഡിയോകളാണ് പുറത്തുവരുന്നതെന്ന് അവർ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് കർണാടക വനിത കമീഷൻ ചെയർപേഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി കത്ത് നൽകിയതിനെത്തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിട്ടുണ്ട്. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാർ സിങ്, എ.ഐ.ജി സുമൻ ഡി. പെന്നേക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.