വരൾച്ച പഠിക്കാൻ ജെ.ഡി.എസും
text_fieldsബംഗളൂരു: വരൾച്ചയും ൈവദ്യുതി ക്ഷാമവും മൂലം പ്രയാസപ്പെടുന്ന കർഷകരെ സഹായിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനുമായി സംസ്ഥാനത്തുടനീളം കർഷക സാന്ത്വന യാത്ര നടത്തുമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
വരൾച്ച പഠിക്കാൻ പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലേക്ക് അയക്കുന്ന സംഘങ്ങൾ രൂപവത്കരിക്കുന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോർ കമ്മിറ്റി അംഗങ്ങൾ, മുൻ മന്ത്രിമാർ, ജില്ല പ്രസിഡന്റുമാർ, പ്രാദേശിക നേതാക്കൾ എന്നിവരും ജാഥയിൽ പങ്കെടുക്കും. അടുത്ത നിയമസഭ യോഗത്തിന് ശേഷമായിരിക്കും യാത്ര നടത്തുക.
സംസ്ഥാനത്തെ വരൾച്ച പഠിക്കാനായി ജെ.ഡി.എസ് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും പാർട്ടി എം.എൽ.എമാർ, മുൻ എം.എൽ.എമാർ, ജില്ല പ്രസിഡന്റുമാർ, തോറ്റ സ്ഥാനാർഥികൾ, മുതിർന്ന നേതാക്കൾ എന്നിവർ അംഗങ്ങളായ സംഘം സ്ഥിതിഗതികൾ വിലയിരുത്തി ദീപാവലിക്ക് മുമ്പ് കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. മുൻ മുഖ്യമന്ത്രിയും പാർട്ടി നിയമസഭ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
വരൾച്ച അനുഭവിക്കുന്ന കർഷകരെ നേരിൽകണ്ട് സംസാരിച്ച് റിപ്പോർട്ട് തയാറാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം ബി.ജെ.പിയും ഇത്തരത്തിൽ വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലകൾ സന്ദർശിച്ച് വരൾച്ച പഠിച്ച് നവംബർ 15നുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.