സർക്കാർ ടെൻഡറുകളിൽ നാല് ശതമാനം മുസ്ലിം സംവരണം; ബി.ജെ.പി പ്രതിഷേധവുമായി ജെ.ഡി.എസ് സഹകരിക്കില്ല
text_fieldsജെഡിഎസ് ദേശീയ അധ്യക്ഷൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും പാർട്ടി കർണാടക അധ്യക്ഷനുമായ കേന്ദ്ര മന്ത്രി എച്ച്.ഡി.കുമാര സ്വാമി എന്നിവർ
ബംഗളൂരു: രണ്ടു കോടി രൂപവരേയുള്ള സർക്കാർ ടെൻഡറുകളിൽ മുസ്ലിംകൾക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണക്കില്ലെന്ന് സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) അറിയിച്ചു.
പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ജെഡി.എസ് നേതാക്കൾ തങ്ങളുടെ എം.എൽ.എമാർക്ക് നിർദേശം നൽകി. പാർട്ടിയുടെ തത്ത്വങ്ങളിലും പ്രത്യയശാസ്ത്രത്തിലും വിട്ടുവീഴ്ച ചെയ്യില്ല. വിലക്കയറ്റം, ഗാരന്റി പദ്ധതികളുടെ പരാജയം, ദുർഭരണം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ജെഡി.എസ് ബി.ജെ.പിയെ പിന്തുണക്കും. എന്നാൽ, മുസ്ലിം സംവരണം ജെ.ഡി.എസ് സ്ഥാപകൻ എച്ച്.ഡി. ദേവഗൗഡ അവതരിപ്പിച്ച നയമായിരുന്നു. അതിനാൽ, ഈ വിഷയത്തിൽ ജെഡി.എസ് ബി.ജെ.പിയെ പിന്തുണക്കില്ല. ഈ വിഷയത്തിൽ ബി.ജെ.പി ജെ.ഡി.എസുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.
മുസ്ലിം സംവരണത്തിനെതിരെ ജെ.ഡി.എസ് പ്രതിഷേധിക്കണം എന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഭരണത്തിൽ ഹിന്ദുക്കൾ നേരിടുന്ന അനീതിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര സംസ്ഥാനവ്യാപകമായി കാമ്പയിൻ പ്രഖ്യാപിച്ചു. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.