മുസ്ലിം പിന്തുണയില്ലാതെ ജെ.ഡി.എസ് ഒറ്റ സീറ്റിലും ജയിക്കില്ല -സി.എം. ഇബ്രാഹിം
text_fieldsബംഗളൂരു: ജെ.ഡി.എസ് പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ എച്ച്.ഡി. ദേവഗൗഡ സന്നദ്ധമാകണമെന്ന് മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം ആവശ്യപ്പെട്ടു. മൈസൂരുവിൽ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാണ് കർണാടക ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എന്ന് അവകാശപ്പെട്ട ഇബ്രാഹിം മുസ്ലിം പിന്തുണയില്ലാതെ ജെ.ഡി.എസ് ഒറ്റ സീറ്റിലും ജയിക്കില്ലെന്ന് പറഞ്ഞു. കോൺഗ്രസിലേക്ക് ഇനിയില്ല. ബി.ജെ.പി ബന്ധം ഉപേക്ഷിക്കാൻ ഗൗഡ തയാറായാൽ ജെ.ഡി.എസ് ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങും. ഇല്ലെങ്കിൽ പുതിയ പ്രാദേശിക പാർട്ടിയുണ്ടാക്കുന്ന കാര്യം ആലോചിക്കും.
മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ ജി.ടി. ദേവഗൗഡയെ താൻ സന്ദർശിച്ചു. തന്നെ മൂലക്കിരുത്താൻ നേതൃത്വം ശ്രമിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെത്തുടർന്നാണ് സന്ദർശനം. ഗൗഡ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നിരുന്നെങ്കിൽ മന്ത്രിയായേനെ. ജെ.ഡി.എസ് ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഗൗഡയെ മൂലക്കിരുത്തി അങ്ങനെ മുന്നോട്ട് പോകാനാവില്ല. താൻ കർണാടകയിലാകെ യാത്ര ചെയ്ത് ഏതാനും നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം വീണ്ടും ഗൗഡയെ സന്ദർശിക്കും. ഭാവി പരിപാടികൾ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
13 ജെ.ഡി.എസ് എം.എൽ.എമാർ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരാണ്. അതേസമയം അവർ എച്ച്.ഡി. ദേവഗൗഡയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പാർട്ടിയെ കുടുംബസ്വത്താക്കുകയാണ് എച്ച്.ഡി. കുമാര സ്വാമി. അദ്ദേഹം ശൈലി മാറ്റാൻ സന്നദ്ധമാകണം. ചന്നപട്ടണയിൽ നാല് കോടി രൂപ മാത്രം ചെലവിട്ട് നടത്തിയ പ്രചാരണത്തിലൂടെ താൻ ഒരുമിച്ചുനിന്ന കാലം കുമാര സ്വാമിയെ ജയിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ 150 കോടി വിനിയോഗിച്ച കുമാര സ്വാമിക്ക് മകൻ നിഖിൽ കുമാര സ്വാമി കാൽ ലക്ഷം വോട്ടിന് പരാജയപ്പെട്ടതാണ് കാണേണ്ടിവന്നതെന്നും ഇബ്രാഹിം പറഞ്ഞു. കോൺഗ്രസുമായി ജെ.ഡി.എസ് സഖ്യമുണ്ടാക്കിയതിനെതിരെ പ്രതികരിച്ച ഇബ്രാഹിമിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, യഥാർഥ സംസ്ഥാന പ്രസിഡന്റ് താനാണെന്ന നിലപാടിലാണ് സി.എം. ഇബ്രാഹിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.