ടിപ്പു കോട്ടയുടെ ചുമരിൽ 1500 അടി കയറി റെക്കോഡിട്ട് ജ്യോതിരാജ്
text_fieldsബംഗളൂരു: കോട്ടകളും കുത്തനെയുള്ള പാറയിടുക്കുകളും കയറുന്നതിൽ വിദഗ്ധനായ ജ്യോതിരാജ് പുതിയ റെക്കോഡിട്ടു. ദക്ഷിണകന്നട ബെൽത്തങ്ങാടി ജമാലബാദ് കോട്ടയുടെ പിൻചുമരിലൂടെ 1500 അടി രണ്ടേകാൽ മണിക്കൂറിൽ കയറിയാണ് ജ്യോതിരാജ് റെക്കോഡിട്ടത്.
1794ൽ ടിപ്പുസുൽത്താൻ പണിയിച്ച ഗഡയ്ക്കല്ല് എന്നും അറിയപ്പെടുന്ന കോട്ടക്ക് സമുദ്രനിരപ്പിൽനിന്ന് 1700 അടി ഉയരമുണ്ട്. കോട്ട ചവിട്ടിക്കയറിയതിന്റെ അടയാളമായി ജ്യോതിരാജ് കർണാടകയുടെ പതാക നാട്ടി.
ടിപ്പുസുൽത്താൻ പാറക്കുന്നിൽ പണിത കോട്ടയുടെ മുൻഭാഗത്ത് 1876 പടവുകൾ ഉണ്ട്. കോട്ട നാലാം മൈസൂരു യുദ്ധം നടന്ന 1799ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തിരുന്നു. നിലവിൽ കർണാടക സർക്കാറിന്റെ അധീനതയിലാണ് കോട്ട. തടാകം അതിരിടുന്ന കോട്ടയിൽ ശത്രുസൈന്യങ്ങളെ വിദൂരതയിൽനിന്ന് നിരീക്ഷിക്കാൻ കൊത്തളങ്ങൾ സ്ഥാപിച്ചിരുന്നു. മധ്യത്തിൽ സജ്ജീകരിച്ച വിശാലമായ മഴവെള്ള സംഭരണിയുണ്ട്.
കോട്ടയുടെ വടക്കു ഭാഗത്ത് ടിപ്പുസുൽത്താന്റെ കാലം മുതലുള്ള ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ പ്രാർഥനക്കുശേഷമാണ് ജ്യോതികുമാർ തന്റെ സാഹസികതക്ക് തുടക്കം കുറിച്ചത്. ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ച, ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ, ജില്ല- വനം അധികൃതർ തുടങ്ങിയവരുടെ അനുമതിയോടെയായിരുന്നു യജ്ഞം. മുൻകരുതലായി കോട്ടക്ക് താഴെ വല കെട്ടിയിരുന്നു.
ജ്യോതികുമാർ ഉൾപ്പെടെ എട്ടംഗ സംഘം രണ്ടു ദിവസമായി സ്ഥലത്ത് തങ്ങിയാണ് ഒരുക്കം നടത്തിയത്. 2013ൽ കർണാടകയിലെ 830 അടി ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം, ചിത്രദുർഗ കോട്ട തുടങ്ങിയ സ്ഥലങ്ങൾ കയറിയ 32 കാരനായ ജ്യോതികുമാർ കർണാടക തേനി സ്വദേശിയാണ്. കോട്ട ചുമരിലും പാറകളിലും അള്ളിപ്പിടിച്ച് കയറ്റം പതിവാക്കിയ ജ്യോതിരാജിന് ‘കൊത്തി രാജ്’ അഥവാ വാനര രാജാവ്, ചിത്രദുർഗയുടെ സ്പൈഡർമാൻ എന്നീ വിളിപ്പേരുകളുമുണ്ട്. 2014 ‘ജ്യോതി എന്ന കൊത്തിരാജ’എന്ന കന്നട ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയിരുന്നു.
ജോഗ് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കുകളിലടക്കം കുടുങ്ങിയ സഞ്ചാരികളെ പല തവണ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.