കലബുറഗിയെ സ്മാർട്ട് സിറ്റിയാക്കും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: 1685 കോടി രൂപ മുതൽമുടക്കിൽ കലബുറഗിയെ സ്മാർട്ട് സിറ്റിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായി കലബുറഗി, ബെല്ലാരി മുനിസിപ്പൽ കോർപറേഷനുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി മഹാത്മാ ഗാന്ധി നഗർ വികാസ് യോജനക്ക് കീഴിൽ 200 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്ൾ 371 പ്രകാരം കല്യാണ കർണാടകക്ക് പ്രത്യേക പദവി നൽകിയതിന്റെ പത്താം വാർഷികത്തിൽ കല്യാണ കർണാടക അമൃത് മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മേഖലയിലെ റോഡുകളുടെയും ഗ്രാമീണ വികസനത്തിനുമായി കല്യാണ പാത എന്ന പദ്ധതി തുടങ്ങി അതിന് കീഴിൽ 1000 കോടി രൂപ ചെലവിൽ 1100 കിലോമീറ്റർ റോഡ് നിർമിക്കും. റെയ്ച്ചൂരിൽ എയിംസ് തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കും. തൊഴിലുറപ്പ് പദ്ധതി വഴി ജനങ്ങൾക്ക് പരമാവധി തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. ബെല്ലാരിയിൽ ജീൻസ് പാർക്ക് തുടങ്ങാനും സർക്കാർ ആലോചിക്കുന്നുണ്ട്. മേഖലയുടെ വികസനത്തിനായി 5000 കോടി രൂപയാണ് സർക്കാർ കഴിഞ്ഞ ബജറ്റിൽ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്യാണ കർണാടക അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി കലബുറഗിയിൽ ഇന്നലെ മന്ത്രിതല യോഗം ചേർന്നിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ആറുതവണ കർണാടക സർക്കാർ കലബുറഗിയിൽ മന്ത്രിതല യോഗം ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒരു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടും മന്ത്രിസഭ യോഗം കലബുറഗിയിൽ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.