മലയാളികൾക്കായി കന്നട പഠനപദ്ധതി ആരംഭിച്ചു
text_fieldsബംഗളൂരു: കർണാടക സർക്കാർ കന്നട വികസന അതോറിറ്റിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നട പഠനപദ്ധതിയുടെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ നിർവഹിച്ചു. പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
കർണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നട തീർച്ചയായും പഠിച്ചിരിക്കണം. കന്നട ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽനിന്ന് പല വാക്കുകളും കടമെടുക്കുകയുംചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നട വികസന അതോറിറ്റി കന്നട ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തംഗഡഗി, കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും വിവർത്തകനുമായ സുധാകരൻ രാമന്തളി എന്നിവർ മുഖ്യാതിഥികളായിരുന്നു. കന്നട വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമലെ അധ്യക്ഷത വഹിച്ചു. കന്നട പാഠ്യപദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹങ്കാൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, പ്രസിഡന്റ് കെ. ദാമോദരൻ, ലോക കേരള സഭാംഗങ്ങളായ കെ. നൗഷാദ്, എൽദോ ബേബി എന്നിവർ സംസാരിച്ചു. കന്നട പാഠ്യപദ്ധതി കോഓഡിനേറ്റർ ജീവൻ രാജൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.