കന്നട സാഹിത്യ സമ്മേളനം; ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ ആക്ടിവിസ്റ്റുകൾ
text_fieldsബംഗളൂരു: കന്നട സാഹിത്യത്തിന്റെ ആഘോഷ മേളായ കന്നട സാഹിത്യ സമ്മേളനത്തിൽ ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ ശക്തമായ സാന്നിധ്യമായി ആക്ടിവിസ്റ്റുകൾ. ചർച്ചകളിലിടപെട്ടും പ്രതിനിധികളുമായി സംസാരിച്ചും വിഷയത്തിലേക്ക് വിവിധ തരത്തിൽ ശ്രദ്ധയാകർഷിച്ചുമാണ് കന്നടയെ മാറ്റിനിർത്തി ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ ആക്ടിവിസ്റ്റുകൾ ബോധവത്കരണം നടത്തിയത്.
കന്നടയെ ആസൂത്രിതമായി മാറ്റിനിർത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. വേദികളിൽ ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യം വിളികൾ വരെ ഉയർന്നിരുന്നു. ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്ര സർക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ കന്നടയെ അവഗണിക്കുകയാണെന്നാണ് ഇവർ പറയുന്നത്.
ഹിന്ദിയെ ഒരു ഭാഷ എന്ന നിലക്ക് എതിർക്കുകയല്ല, അത് തങ്ങളിൽ അടിച്ചേൽപിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് സമ്മേളനത്തിൽ ഭാഷ അടിച്ചേൽപിക്കലുമായി ബന്ധപ്പെട്ട് ലഘുലേഖ വിതരണം ചെയ്ത ഒരു ആക്ടിവിസ്റ്റ് വ്യക്തമാക്കി. കർണാടകയിൽ കന്നടയാണ് പ്രധാനപ്പെട്ടത്, ഹിന്ദിയല്ല.
സംസ്ഥാനത്തെ എല്ലാ തൊഴിലവസരങ്ങൾക്കും കന്നട നിർബന്ധമാക്കണമെന്ന് തങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. ഈ പോരാട്ടം തങ്ങളുടെ സ്വത്വത്തെ വെല്ലുവിളിക്കുന്നവർക്കെതിരാണ് - രാമകൃഷ്ണ എന്നയാൾ പറയുന്നു. ദർശൻ പുട്ടയ്യ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സെഷൻ ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ ചേർന്ന് തടസ്സപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ വ്യക്തിത്വം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ വെച്ച് പാസാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയും നികുതി വിഹിതം വിതരണം ചെയ്യുന്നതിലുള്ള കേന്ദ്ര സർക്കാറിന്റെ വിവേചനത്തിനെതിരെയും ശക്തമായി പ്രതികരിച്ചിരുന്നു. മാണ്ഡ്യയിൽ വെച്ച് നടന്ന മൂന്ന് ദിവസം നീണ്ട 87ാമത് അഖില ഭാരത കന്നട സാഹിത്യ സമ്മേളനം ഇന്നലെ വൈകീട്ടാണ് സമാപിച്ചത്.
പ്രതിഷേധങ്ങൾക്ക് സാക്ഷിയായി സമ്മേളന നഗരി
ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പുറമെ നോൺ വെജ് ഭക്ഷണങ്ങൾ സമ്മേളന നഗരിയിൽ നിരോധിച്ചതിനെതിരെയും പ്രതിഷേധമരങ്ങേറി. നാവു ദ്രാവിഡ കന്നഡിഗരു എന്ന സംഘടന അംഗങ്ങളാണ് സമ്മേളന നഗരിയിൽ ചിക്കൻ കബാബ് വിതരണം ചെയ്തുകൊണ്ട് നോൺ വെജ് ഭക്ഷണങ്ങൾ നിരോധിച്ചതിനെതിരെ പ്രതിഷേധിച്ചത്. സമ്മേളന നഗരിയിലെ നിരോധിത ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തുവന്ന സമയത്തുതന്നെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.