ആവേശമായി കന്നട രാജ്യോത്സവ; പുനീതിന് 'കർണാടക രത്ന'
text_fieldsബംഗളൂരു: കർണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ 67ാമത് കന്നട രാജ്യോത്സവ ആഘോഷങ്ങൾ ആവേശമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വിപുലമായ പരിപാടികൾ നടന്നു. വിധാൻ സൗധയിൽ നടന്ന ആഘോഷത്തിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ്കുമാറും കുടുംബാംഗങ്ങളും പങ്കെടുത്തു. വെള്ളി ഫലകവും 50 ഗ്രാം സ്വർണമെഡലും അടങ്ങിയതാണ് അവാർഡ്.
കർണാടകരത്ന അവാർഡ് നേടുന്ന ഒമ്പതാമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാർ. പുനീതിന്റെ പിതാവ് അന്തരിച്ച നടൻ ഡോ. രാജ്കുമാറാണ് 1992ൽ ആദ്യ കർണാടകരത്ന പുരസ്കാരം നേടിയതെന്ന പ്രത്യേകതയുമുണ്ട്. നടൻ രജനികാന്ത്, ജൂനിയർ എൻ.ടി.ആർ, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധമൂർത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് പെട്ടെന്ന് മഴ പെയ്തതതോടെ, വിധാൻസൗധയിൽ നടന്ന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
വിജയ് പ്രകാശ് അടക്കമുള്ള പ്രമുഖ ഗായകരുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. സിനിമ, സാഹിത്യ മേഖലയിലെ പ്രമുഖർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി കാണാൻ വൻജനക്കൂട്ടമാണ് എത്തിയത്. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. ശിവൻ അടക്കമുള്ള 67 പേർക്ക് കന്നട രാജ്യോത്സവ പുരസ്കാരവും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.