ഒ.എൻ.വിയുടെ ‘അക്ഷരം’ കവിത സമാഹാരത്തിന് കന്നട വിവർത്തനം
text_fieldsബംഗളൂരു: ഒ.എൻ.വിയുടെ ‘അക്ഷരം’ കവിത സമാഹാരത്തിന്റെ കന്നട വിവർത്തനത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. വൈറ്റ്ഫീൽഡിലെ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് ചലച്ചിത്ര ഗാനരചയിതാവും സംഗീതസംവിധായകനുമായ ഡോ. വി. നാഗേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. കന്നട അഭിവൃദ്ധി പ്രാധികാര സെക്രട്ടറി ഡോ. സംന്താഷ് ഹാനഗല്ല പ്രകാശനം ചെയ്യും. ഒ.എൻ.വിയുടെ കൊച്ചുമകൾ ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവ് പുസ്തകം ഏറ്റുവാങ്ങും. കൊല്ലം സ്വദേശിയും എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കറാണ് ‘അക്ഷര’ എന്ന പേരിൽ കന്നട മൊഴിമാറ്റം നടത്തിയത്.
ചടങ്ങിൽ, കുട്ടികളുടെ മാസപത്രികയായ തൊദൽനുടിയുടെ പത്താം വാർഷികപ്പതിപ്പ് വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ദാമോദരഷെട്ടി പ്രകാശനം ചെയ്യും. 1975ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത സമാഹാരമാണ് ‘അക്ഷരം. ആകെ 20 കവിതകളാണുള്ളത്. ഇതിലെ ആദ്യ കവിതയാണ് അക്ഷരം. 2013ൽ ഒ.എൻ.വിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ ഡോ. സുഷമ ശങ്കർ കന്നടയിലേക്ക് മൊഴിമാറ്റിയിരുന്നു. അന്ന് ബംഗളൂരുവിൽ നടന്ന പ്രകാശന ചടങ്ങിൽ ഒ.എൻ.വി പങ്കെടുത്തു. മഹാകവി അക്കിത്തത്തിന്റെ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്നീ കൃതികൾ ‘കുസിദു ബിദ്ദ ലോക’ എന്ന പേരിൽ സുഷമ ശങ്കർ കന്നടയിലേക്ക് മൊഴിമാറ്റിയിരുന്നു. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന സുഷമ ശങ്കർ വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.