വരൾച്ച ദുരിതാശ്വാസം: 895 കോടി അനുവദിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ വരൾച്ചബാധിത ജില്ലകൾക്ക് ദുരിതാശ്വാസമായി 895 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ ബെളഗാവിയിൽ നടക്കുന്ന നിയമസഭ ശൈത്യകാല സമ്മേളനത്തിൽ അറിയിച്ചു. മൺസൂൺ മഴ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് 223 താലൂക്കുകളാണ് വരൾച്ചബാധിതമായി പ്രഖ്യാപിച്ചത്. ഈ മേഖലകളിൽ കുടിവെള്ള വിതരണമടക്കം വരൾച്ച പ്രതിരോധ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ ജില്ല ഡെപ്യൂട്ടി കമീഷണർമാർക്കും തഹസിൽദാർമാർക്കും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
ഈ വർഷം സംസ്ഥാനത്ത് ആകെ 82.95 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും മഴ കുറഞ്ഞതോടെ 74 ശതമാനം മേഖലയിൽ മാത്രമേ കൃഷിയിറക്കിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 48 ലക്ഷം ഹെക്ടറിലെ വിളകൾ വരൾച്ച മൂലം നശിച്ചു.
വരൾച്ചമൂലമുള്ള കർഷകരുടെ ദുരിതം നേരിൽ കാണുന്നതിനായി മന്ത്രി കൃഷ്ണബൈരെ ഗൗഡ 22 ജില്ലകളിൽ സന്ദർശനം നടത്തി. തുടർന്ന് 18,171 കോടിയുടെ ദുരിതാശ്വാസ സഹായത്തിന് കേന്ദ്രസർക്കാറിന് കത്തു നൽകിയെങ്കിലും ഇതുവരെ സഹായം ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബറിൽ കേന്ദ്രസംഘം കർണാടകയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വരൾച്ച നേരിട്ടേക്കാവുന്ന 6237 വില്ലേജുകളും നഗരമേഖലയിലെ 914 വാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായം അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നും ആദ്യ ഗഡുവായ 2000 രൂപ ഈ ആഴ്ചതന്നെ അക്കൗണ്ടിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.