ബന്ദ് പൂർണം, സമാധാനപരം
text_fieldsബംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിൽ വെള്ളിയാഴ്ച നടന്ന സംസ്ഥാന വ്യാപക ബന്ദ് സമാധാനപരം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
വിവിധ കർഷക സംഘടനകളും കർണാടക ജലസംരക്ഷണ കമ്മിറ്റിയും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാർട്ടികളും പിന്തുണ നൽകിയിരുന്നു. ജലക്ഷാമം നേരിടുന്ന കർണാടക, തമിഴ്നാടിന് വെള്ളം നൽകുന്നതിനെ എന്തുവില കൊടുത്തും ചെറുത്തുതോൽപിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു.
മെട്രോ പതിവുപോലെ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. രാവിലെ 10ന് ടൗൺഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് സിനിമ താരങ്ങൾ ഉൾപ്പെടെ പ്രതിഷേധ റാലി നടത്തി. പ്രധാന നഗരങ്ങളായ ബംഗളൂരു, മൈസൂരു, മാണ്ഡ്യ, രാമനഗര, ചാമരാജ്നഗർ, കുടഗ്, ഹാസൻ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയയിടങ്ങളിൽ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു.
സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബംഗളൂരുവിൽ ബി.എം.ടി.സി, കർണാടക ആർ.ടി.സി ബസുകൾ ഓടിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 44 വിമാനങ്ങൾ റദ്ദാക്കി.
ബംഗളൂരുവിലേക്കുള്ള 22ഉം ബംഗളൂരുവിൽ നിന്നുള്ള 22ഉം സർവിസുകളാണ് റദ്ദാക്കിയതെന്നും ഇക്കാര്യം യാത്രക്കാരെ നേരത്തേ അറിയിച്ചിരുന്നതായും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനരികെ പ്രതിഷേധിച്ച 12 സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു നഗരത്തിൽ ബന്ദ് ദിനത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂട്ടംകൂടിയ 785ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ബംഗളൂരുവിൽ ബന്ദ് സമാധാന പൂർണമായിരുന്നുവെന്നും ഫ്രീഡം പാർക്കിൽ നടന്ന സമരത്തിൽ ആയിരത്തോളം പേർ പങ്കെടുത്തുവെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ് പറഞ്ഞു. കർണാടക-തമിഴ്നാട് അതിർത്തികളിൽ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.
കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞുകിടന്നു. ഐ.ടി കമ്പനികളും വെള്ളിയാഴ്ച അവധി നൽകിയിരുന്നു. രാവിലെ തുറന്ന മലയാളികളുടേത് അടക്കമുള്ള ചില സ്ഥാപനങ്ങൾ 10.30ഓടെ സമരക്കാരെത്തി അടപ്പിച്ചു. സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകൾ സമരക്കാർ ഉപരോധിച്ചു. ആറുമണിക്കുശേഷം മിക്ക കടകളും തുറന്നുപ്രവർത്തിച്ചു.
തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നൽകണമെന്നാണ് ഒടുവിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) പുതിയ ഉത്തരവ്. നേരത്തെ ദിവസവും 5000 ഘനയടി വെള്ളം നൽകാനാണ് ഉത്തരവിട്ടത്. എന്നാൽ, വരൾച്ചാ ഭീഷണിയുള്ളതിനാൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകയുടേത്.
റെഗുലേഷൻ കമ്മിറ്റിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജലവകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
തീരെ കുറവ് മഴ ലഭിച്ചതിനാൽ കർണാടക നേരിടുന്ന പ്രതിസന്ധി തമിഴ്നാടിനെ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് ഫോർമുല രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.