പട്ടം പറത്താൻ ഇനി പരുത്തിച്ചരട് മാത്രം
text_fieldsബംഗളൂരു: പട്ടം പറത്താൻ ലോഹമോ ചില്ലോ പൂശിയ ചരട് ഉപയോഗിക്കുന്നത് വിലക്കി കർണാടക സർക്കാർ ഉത്തരവ്.മനുഷ്യർക്കും പക്ഷികൾക്കും പരിസ്ഥിതിക്കും ദോഷമാകുന്നത് തടയാനാണ് നിരോധനം. ഇനിമുതൽ ലോഹം, ചില്ല് ഘടകങ്ങളോ പശകളോ ഇല്ലാത്ത കോട്ടൺ ചരട് മാത്രമേ പട്ടം പറത്താൻ ഉപയോഗിക്കാവൂ.നേരത്തേ ചൈനീസ് മാഞ്ചക്ക് നിരോധനമുണ്ടായിരുന്നു.
പീപ്ൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് സർക്കാർ 1986ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരം വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയത്. സർക്കാറിനെ അഭിനന്ദിക്കുന്നതായി പെറ്റ അംഗമായ ഫർഹത്തുൽ ഐൻ പറഞ്ഞു. നൈലോൺ നൂലുകൾകൊണ്ട് നിർമിച്ച ചരടുകളിൽ പലപ്പോഴും ചില്ല് അല്ലെങ്കിൽ ലോഹപ്പൊടി ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യരേയും പക്ഷികളേയും മുറിവേൽപിക്കുന്നു. ബംഗളൂരുവിൽ പട്ടത്തിന്റെ നൂൽ പലതരത്തിലുള്ള അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടുവർഷം മുമ്പ് ബൈക്ക് യാത്രക്കാരന് പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി മുറിവേറ്റിരുന്നു. നേരത്തേ ഡൽഹി, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ത്രിപുര സർക്കാറുകളും ഇത്തരം അപകടകരമായ നൂലുകൾ വിലക്കി ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.