ഗാന്ധി വധം നെഹ്റു ആസൂത്രണം ചെയ്തതെന്ന് ബി.ജെ.പി നേതാവ് ബസനഗൗഡ പാട്ടീൽ
text_fieldsബംഗളൂരു: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ജവഹർലാൽ നെഹ്റുവിന്റെ പങ്കുണ്ടെന്ന് സംശയിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും വടക്കൻ കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ അധ്യക്ഷതയിൽ ബെളഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ബെളഗാവിയിൽ എ.ഐ.സി.സി നേതൃത്വത്തിൽ കോൺഗ്രസിന്റെ മെഗാ കൺവെൻഷൻ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബി.ജെ.പി എം.എൽ.എ രംഗത്തുവന്നത്. മുമ്പും വിദ്വേഷ, വിവാദ പ്രസ്താവനകൾക്ക് കുപ്രസിദ്ധി നേടിയ നേതാവാണ് ബസനഗൗഡ പാട്ടീൽ യത്നാൽ.
‘മൂന്ന് വെടിയുണ്ടയേറ്റാണ് ഗാന്ധി മരിച്ചത്. അതിൽ ഒരു വെടിയുണ്ട മാത്രമാണ് ഗോദ്സെ നിറയൊഴിച്ചത്. ബാക്കി രണ്ടു വെടിയുണ്ടകൾ എവിടെ നിന്ന് വന്നു? ആരാണ് അവ ഏർപ്പാടാക്കിയത്? നെഹ്റുവാണോ അവ ഏർപ്പാടാക്കിയത്? നെഹ്റുവാണ് ആ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഞാൻ സംശയിക്കുന്നു. കാരണം അദ്ദേഹം ഏകാധിപതിയാവാൻ ആഗ്രഹിച്ചിരുന്നു. ഗോദ്സെയുടെ വെടിയുണ്ടയേറ്റല്ല ഗാന്ധി അന്ത്യശ്വാസം വലിച്ചത്.
ഇതു സംബന്ധിച്ച കേസിൽ കോടതിയിൽ വാദം നടക്കുമ്പോഴും രണ്ടു വെടിയുണ്ട സംബന്ധിച്ച ചോദ്യം ഉയർന്നിരുന്നു. ഗോദ്സെ ഒരു വെടിയുണ്ടയാണ് ഉതിർത്തത്. മറ്റു രണ്ടെണ്ണം മറ്റാരോ ആണ് ഉതിർത്തത്. അതിനർഥം, നെഹ്റുവാണ് ആ കൊലപാതകം ഏർപ്പാടാക്കിയത് എന്നാണ്’ -അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്നും വ്യാജ ഗാന്ധിമാരുടെ സമ്മേളനമാണ് ബെളഗാവിയിൽ നടക്കാനിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിയുടെ ആദർശങ്ങൾ പിന്തുടരാത്ത കോൺഗ്രസ് നേതാക്കൾ ഗാന്ധി തൊപ്പിയും മുദ്രാവാക്യവുമായി വെറും നാടകക്കമ്പനിയായി മാറിയെന്നും യത്നാൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.