പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ പുകഴ്ത്തി കർണാടക ബി.ജെ.പി മന്ത്രി
text_fieldsബംഗളൂരു: കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ പുകഴ്ത്തി ബി.ജെ.പി മന്ത്രി കെ.സി. നാരായണ ഗൗഡ. മാണ്ഡ്യ കെ.ആർ പേട്ട് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ അദ്ദേഹം മണ്ഡലത്തിലെ ഹൊന്നഹള്ളിയിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് സിദ്ധരാമയ്യയെ പുകഴ്ത്തിയത്.
ദലിത്-പിന്നാക്ക-മുസ്ലിം വോട്ടുകളിൽ ഏറെ സ്വാധീനമുള്ള, കോൺഗ്രസിൽ അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള സിദ്ധരാമയ്യയെ മാത്രം ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ പ്രത്യേകം പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതിനിടെയാണ് ബി.ജെ.പി മന്ത്രിയുടെ സിദ്ധരാമയ്യ സ്തുതി എന്നതാണ് രാഷ്ട്രീയ കൗതുകം.
2018ലെ തെരഞ്ഞെടുപ്പിൽ കെ.ആർ പേട്ടിൽനിന്ന് ജെ.ഡി-എസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച കെ.സി. നാരായണ ഗൗഡ 2019ൽ ഓപറേഷൻ താമരയിലൂടെ കൂറുമാറി ബി.ജെ.പിയിൽ ചേരുകയായിരുന്നു. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യനാക്കിയതോടെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.
മാണ്ഡ്യയിൽ ബി.ജെ.പിയുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് ജയമായിരുന്നു അത്. വീണ്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയെ പുകഴ്ത്തി രംഗത്തുവന്നത് പ്രചാരണ തന്ത്രമായാണ് മാണ്ഡ്യയിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്.
കുറുബ നേതാവായ സിദ്ധരാമയ്യയെ എതിർക്കാതിരിക്കുന്നതിലൂടെ മണ്ഡലത്തിലെ ഗണ്യമായ കുറുബ വോട്ടുകളിലാണ് നാരായണ ഗൗഡയുടെ കണ്ണെന്നാണ് വിമർശനം.
അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുന്തോറും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ കൂടുമാറ്റം തുടരുകയാണ്. ചാമരാജ് നഗറിലെ മുൻ കോൺഗ്രസ് എം.എൽ.എയായ വാസുവിന്റെ മകൻ കവീഷ് ഗൗഡയും കോലാർ ചിന്താമണിയിൽനിന്നുള്ള ജെ.ഡി-എസ് മുൻ മന്ത്രി കൃഷ്ണ റെഡ്ഡിയുടെ മകൾ വാണിയും ബി.ജെ.പിയിൽ ചേർന്നു.
കഴിഞ്ഞദിവസം ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പതാക കൈമാറി ഇരുവരെയും സ്വീകരിച്ചു. കോലാർ, ചിക്കബല്ലാപുര ജില്ലകളിൽനിന്നുള്ള നിരവധി കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കളും ബി.ജെ.പിയിൽ ചേർന്നു.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ ഭാര്യാസഹോദരനും കോൺഗ്രസ് നേതാവുമായ സി.പി. ശരത്ചന്ദ്ര ആം ആദ്മി പാർട്ടിയിൽ ചേർന്നതാണ് മറ്റൊരു മാറ്റം. ബംഗളൂരുവിൽ എ.എ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പ്രിഥ്വി റെഡ്ഡി പതാക കൈമാറി.
കോൺഗ്രസിൽ ഭാരവാഹികളെ നിശ്ചയിക്കുന്നതിലും പ്രധാന തീരുമാനങ്ങളെടുക്കുന്നതിലും പ്രവർത്തകരുടെ വാക്കുകൾക്ക് പ്രാധാന്യമില്ലെന്നും ഹൈകമാൻഡ് സംസ്കാരം തുടരുക മാത്രമാണ് നടക്കുന്നതെന്നും ശരത്ചന്ദ്ര കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.