കർണാടക: അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു -മുഖ്യമന്ത്രി
text_fieldsബംഗളൂരു: അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ അനുവദിച്ച കർണാടക ഹൈകോടതി ഉത്തരവിന് സ്റ്റേ നൽകി സുപ്രീംകോടതി.
ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്കൂളുകളിൽ നടത്താൻ നേരത്തെ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ മാർച്ച് ഏഴിലെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതേ തുടർന്ന് അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസ് വിദ്യാർഥികൾക്കുള്ള ബോർഡ് പരീക്ഷകൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ നടത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ സ്കൂൾ സംഘടനകളും രക്ഷിതാക്കളുമാണ് സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തീരുമാനമെടുക്കാൻ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ ചുമതലപ്പെടുത്തി. ഹൈകോടതി ഡിവിഷൻ ബെഞ്ച് തീരുമാനം ഉണ്ടാകുന്നതുവരെ ബോർഡ് പരീക്ഷകൾ നടത്തില്ല. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയും ബോർഡ് പരീക്ഷ പാസാകേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
നേരത്തെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ നൽകിയ ഹരജി പരിഗണിച്ച് അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിൽ ബോർഡ് പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹൈകോടതിയുടെ ജസ്റ്റിസ് കെ. സോമശേഖർ, രാജേഷ് റായ് കെ. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ബോർഡ് പരീക്ഷകളിൽ അനുമതി നൽകി മാർച്ച് ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചു.
ബോർഡ് പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറിന്റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് സ്വകാര്യ സ്കൂൾ സംഘടനകളും ചില രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.