സഭയിൽ ഇനി ഖാൻ ത്രയങ്ങൾ; മന്ത്രി സമീർ ഖാന് ആശ്വാസം, അഭിമാനം
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് നേടിയ വിജയത്തിൽ മന്ത്രി ബി.സെഡ്. സമീർ അഹ്മദ് ഖാന് ആശ്വാസം, അഭിമാനം.
ചന്നപട്ടണ മണ്ഡലത്തിലെ പ്രചാരണ വേളയിൽ കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാര സ്വാമിക്കെതിരെ ഖാൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ചന്നപട്ടണയിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ അച്ചടക്ക നടപടി നേരിടേണ്ടി വരാമെന്ന ഭീഷണിയകന്ന മികച്ച വിജയമാണ് കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനുണ്ടായത്. തൊലിനിറം സൂചിപ്പിച്ച് കറുത്തവൻ എന്ന് അർഥമുള്ള ‘കരിയ’ എന്ന കന്നട പദം ഉപയോഗിച്ചായിരുന്നു അഹ്മദ് ഖാൻ ചന്നപട്ടണയിൽ കുമാര സ്വാമിയെ അധിക്ഷേപിച്ചിരുന്നത്. ഖാൻ ചെയ്തത് ശരിയായില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരസ്യപ്രസ്താവന നടത്തിയിരുന്നു. അച്ചടക്ക നടപടി അച്ചടക്ക സമിതി ചെയർമാൻ മന്ത്രി റഹിം ഖാൻ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയും പറഞ്ഞു. താൻ ചുമതല വഹിക്കുന്ന ഹാവേരി ജില്ലയിലെ ഷിഗാവ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈയെ തറപറ്റിച്ച് കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹ്മദ് ഖാൻ പതാൻ വിജയിച്ചത് സമീർ അഹ്മദ് ഖാന് അഭിമാന നേട്ടമാണ്. പതാൻ 44557 വോട്ടുകൾ നേടിയപ്പോൾ ഭരത് ബൊമ്മൈക്ക് 43399 വോട്ടുകളാണ് നേടാനായത്. പതാൻ ജയിച്ചതോടെ നടപ്പു സഭയിൽ ഖാൻമാർ മൂന്നായി-സമീർ അഹ്മദ് ഖാൻ, മന്ത്രി റഹിം ഖാൻ, പതാൻ ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.