സ്ഥാപനങ്ങൾക്ക് കന്നഡ ബോർഡ്: ഓർഡിനൻസിന് അനുമതി
text_fieldsബംഗളൂരു: കർണാടകയിലെ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡ ഉൾപ്പെടുത്തണമെന്നത് കർശനമായി നടപ്പാക്കാൻ സർക്കാർ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരും. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം കന്നഡ ഭാഷ സമഗ്ര വികസന (ഭേദഗതി) ഓർഡിനൻസിന് അനുമതി നൽകി. ഇതുപ്രകാരം, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ സൈൻ ബോർഡിലും നെയിം ബോർഡിലും 60 ശതമാനം കന്നഡ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഓർഡിനൻസിൽ ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച നിർദേശം കന്നഡ സാംസ്കാരിക വകുപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും ബംഗളൂരുവടക്കം പല നഗരങ്ങളിലും പൂർണമായി നടപ്പിലായിരുന്നില്ല.
എന്നാൽ, കന്നഡ ബോർഡ് സ്ഥാപിക്കാത്ത കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കുമെതിരെ ഫെബ്രുവരി 28 മുതൽ പിഴയീടാക്കുമെന്ന് ഡിസംബർ അവസാന വാരത്തിൽ ബി.ബി.എം.പി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബംഗളൂരു നഗരത്തിൽ കന്നഡ രക്ഷണ വേദികെ പ്രവർത്തകർ നിബന്ധന പാലിക്കാത്ത കടകളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകൾ പലയിടത്തും നശിപ്പിച്ചിരുന്നു. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, യു.ബി സിറ്റി, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, കെംപഗൗഡ റോഡ്, ഗാന്ധി നഗർ, സെന്റ് മാർക്സ് റോഡ്, കണ്ണിങ്ഹാം റോഡ്, റെസിഡൻസി റോഡ്, സാദഹള്ളി ഗേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പ്രകടനമായെത്തി അക്രമം അരങ്ങേറിയത്. മാളുകളുടെയും കടകളുടെയും വാണിജ്യകെട്ടിടങ്ങളുടെയും അടക്കം ബോർഡുകൾ നശിപ്പിക്കപ്പെട്ടു. പൊലീസ് എത്തി കന്നഡ രക്ഷണ വേദികെ കൺവീനർ ടി.എ. നാരായണ ഗൗഡ അടക്കം 29 പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് പിന്തുണയുമായി മറ്റു കന്നഡ അനുകൂല സംഘടനകളും രംഗത്തിറങ്ങി.
ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ എന്ന നിബന്ധന പാലിക്കണമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. ഇതോടെ നിർദേശം പാലിക്കാൻ ഫെബ്രുവരി 18 വരെ ആദ്യം സമയമനുവദിച്ച ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് ഇതു വെട്ടിച്ചുരുക്കി.
ജനുവരി 15നകം ബോർഡുകളിൽ കന്നഡ ഭാഷ നിബന്ധന നടപ്പാക്കണമെന്നാണ് പുതിയ നിർദേശം.
നെയിം ബോർഡുകളിൽ കന്നഡ പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാണ് പേരെഴുതേണ്ടത്. 60 ശതമാനം വലുപ്പത്തിൽ കന്നഡയിലും ബാക്കി 40 ശതമാനം മറ്റു ഭാഷകളിലുമാവാം. ജനുവരി 15ന് ശേഷവും നിർദേശം പാലിക്കാത്തവർക്ക് നിയമനടപടി നേരിടേണ്ടി വരും. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ ബി.ബി.എം.പി അധികൃതർ സോൺ അടിസ്ഥാനത്തിൽ സർവേ നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.