കലയുടെ വർണാഘോഷം തീർക്കാൻ ചിത്രസന്തെ ഏഴിന്
text_fieldsബംഗളൂരു: ചിത്രകലയുടെ വർണാഘോഷവുമായി കർണാടക ചിത്രകലാ പരിഷത്ത് എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്ച സംഘടിപ്പിക്കുന്ന ചിത്രസന്തെ ഏഴിന് നടക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രസന്തെയുടെ 21ാം പതിപ്പാണിത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രരംഗത്ത് ശാസ്ത്രജ്ഞർ നൽകിയ സംഭാവനകൾക്ക് ആദരമർപ്പിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കർണാടക ചിത്രകലാ പരിഷത്ത് അധ്യക്ഷൻ ബി.എൽ. ശങ്കർ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പരിപാടി ഉദ്ഘാടനം ചെയ്യും. കേരളമടക്കം 22 സംസ്ഥാനങ്ങളിൽനിന്നായി 1500 കലാകാരന്മാർ പങ്കെടുക്കും. ഇത്തവണ 2276 അപേക്ഷകളാണ് കലാകാരന്മാരിൽനിന്നു ലഭിച്ചത്. ഇതിൽ 1386 അപേക്ഷകൾ കർണാടകയിൽനിന്നായിരുന്നു. മുതിർന്ന പൗരന്മാരായ ആർട്ടിസ്റ്റുകളുടെയും ഭിന്നശേഷിക്കാരായ ആർട്ടിസ്റ്റുകളുടെയും അപേക്ഷകൾ സ്വീകരിച്ചതായി ശങ്കർ ചൂണ്ടിക്കാട്ടി. ചിത്രകലാ പരിഷത്ത് വളപ്പിലും കുമാരകൃപ റോഡിലുമായി സ്റ്റാളുകൾ ഒരുക്കും. സേവാദൾ മൈതാനം, ശിവാനന്ദ സർക്കിൾ മേൽപാലത്തിന്റെ സർവിസ് റോഡുകൾ എന്നിവിടങ്ങളിലായി 300 സ്റ്റാളുകൾ ഇതിനു പുറമെ ഒരുക്കും.
സീനിയർ, ഭിന്നശേഷി കലാകാരന്മാർക്കായി സേവാദൾ മൈതാനത്ത് സ്റ്റാൾ നൽകും. അഞ്ചുലക്ഷം പേർ ചിത്രസന്തെ വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിരക്ക് കുറക്കാൻ ചിത്രസന്തെയിലേക്കു മാത്രമായി മെട്രോ ഫീഡർ സർവിസുകൾ ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.