മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പാമ്പുമായി സദ്ഗുരു; കേസെടുക്കണമെന്ന് ആവശ്യം
text_fieldsബംഗളൂരു: പരിപാടിക്കിടെ ചേരയെ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷൻ ചെയർമാൻ സദ്ഗുരു എന്ന ജഗ്ഗി വാസുദേവിനെതിരെ പരാതി. ചേരയെ അനധികൃതമായി കടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) എന്ന സന്നദ്ധ സംഘടനയുടെ ബോർഡ് അംഗം സി.എൻ. പൃഥ്വിരാജാണ് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർക്ക് പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് ബംഗളൂരു ഡെപ്യൂട്ടി കമീഷണർക്കും കൈമാറി. 1972 ലെ വന്യജീവി സംരക്ഷണ നിയമം അദ്ദേഹം ലംഘിച്ചതായാണ് പരാതി. വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം പട്ടിക പ്രകാരം സംരക്ഷിക്കപ്പെട്ട ഇനമാണ് ചേര. ചിക്കബല്ലാപുരിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു ജഗ്ഗി വാസുദേവ് ചേരയെ പ്രദർശിപ്പിച്ചത്. നിറയെ വെളിച്ചമുള്ള സ്റ്റേജിലാണ് ചേരയെ പ്രദർശിപ്പിച്ചത്. ഇതിനെ ഇതുവരെ വനംവകുപ്പിന് അദ്ദേഹം കൈമാറിയിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കേരളത്തിലടക്കം സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളാണ് ചേര. മഞ്ഞച്ചേരയും കരിഞ്ചേരയും ഇവയുടെ ഗണത്തിലുണ്ട്. കൃഷിയിടങ്ങളിലും മറ്റുമുള്ള എലികളെ ഇവ ഭക്ഷിക്കുമെന്നതിനാൽ 'കർഷകന്റെ മിത്രം' എന്ന വിശേഷണവും ചേരക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.