പ്രതീക്ഷയോടെ വോട്ടിൽ നോട്ടമിട്ട് പാർട്ടികൾ
text_fieldsബംഗളൂരു: നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടുംകൊടുത്തും തീപിടിച്ച പ്രചാരണങ്ങൾക്കൊടുവിൽ കർണാടകയിൽ ജനം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രതീക്ഷയോടെ പാർട്ടികൾ. ഭരണവിരുദ്ധ വികാരം പ്രകടമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് മതേതര-ജനാധിപത്യ ചേരി രൂപപ്പെട്ടതിന്റെ പ്രതിഫലനം വോട്ടെടുപ്പിലും ഫലത്തിലും പ്രകടമാവും.
പതിവായി വോട്ടെടുപ്പിൽ പിന്നിൽ നിൽക്കുന്ന ബംഗളൂരുവിൽ വോട്ട് പക്വതയോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് സമാന്തര പ്രവർത്തനങ്ങൾ സജീവമായതും വോട്ട് വർധിപ്പിക്കും. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം ഉയരുമെന്നാണ് സൂചന. ഭരണകക്ഷിയായ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ‘ഡബ്ൾ എൻജിൻ സർക്കാർ’ പ്രചാരണം നയിച്ചപ്പോൾ, അഴിമതിയും വർഗീയതയും ഉയർത്തിക്കാട്ടി ‘ട്രബ്ൾ എൻജിൻ സർക്കാറി’നെ തുറന്നുകാണിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ (ഗൃഹലക്ഷ്മി), ഓരോരുത്തർക്കും പ്രതിമാസം 10 കിലോ അരി (അന്നഭാഗ്യ), വനിതകൾക്ക് സൗജന്യ ബസ് യാത്ര (ഉചിത പ്രയാണ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും (യുവനിധി) തുടങ്ങിയ ക്ഷേമപദ്ധതി വാഗ്ദാനങ്ങൾക്ക് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചു. ജഗദീഷ് ഷെട്ടറിന്റെയും ലക്ഷ്മൺ സവാദിയുടെയും കോൺഗ്രസിലേക്കുള്ള കൂടുമാറ്റം അപ്രതീക്ഷിതമായി പ്രചാരണത്തിൽ കോൺഗ്രസിന് മേൽക്കൈ നൽകി.
മുസ്ലിം സംവരണ വിഷയത്തിലും വർഗീയ-വിദ്വേഷ പ്രവർത്തനങ്ങളുമായും നിലപാട് വ്യക്തമാക്കിയ കോൺഗ്രസിന് പൊതുസമൂഹത്തിന്റെ പിന്തുണയും ലഭിക്കുമെന്നായതോടെ തിരിച്ചുവരവിനുള്ള സാധ്യതയേറെയാണ്. 141 സീറ്റ് കോൺഗ്രസ് നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 150 സീറ്റ് ലക്ഷ്യമിട്ടാണ് മാസങ്ങൾക്കുമുമ്പെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. പ്രചാരണം അവസാനിക്കുമ്പോൾ 130 മുതൽ 135 സീറ്റ് വരെ പാർട്ടി നേടുമെന്നാണ് നേതാക്കളുടെ വാക്കുകൾ. 101 ശതമാനവും ലിംഗായത്തുകൾ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് ലിംഗായത്ത് നേതാവ് കൂടിയായ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറയുന്നു.
സംവരണമുയർത്തിയത് എസ്.സി, എസ്.ടി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കിയെന്നാണ് ബി.ജെ.പി വിലയിരുത്തൽ. നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച ഹനുമാൻ കീർത്തന ചടങ്ങുകൾ സംഘടിപ്പിച്ച ബി.ജെ.പി, അവസാന ദിനങ്ങളിൽ ബജ്റങ് ദൾ നിരോധനം ഉയർത്തിക്കാട്ടി പ്രചാരണം മതത്തിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി.
ന്യൂനപക്ഷങ്ങൾക്ക് സംസ്ഥാന ബജറ്റിൽ അഞ്ചുശതമാനം സംവരണം, ഒരു കുടുംബത്തിന് അഞ്ച് പാചകവാതക സിലിണ്ടർ, സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളുമായി പ്രചാരണം നയിച്ച ജെ.ഡി-എസും ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. ഒറ്റക്ക് ഭൂരിപക്ഷം നേടാനുള്ള ശേഷി ജെ.ഡി-എസിന് ഇപ്പോഴില്ല. മേയ് 18ന് തന്റെ മകൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി അധ്യക്ഷൻ ദേവഗൗഡ പറയുന്നത് ജെ.ഡി-എസ് മെച്ചപ്പെട്ട പ്രകടനം നടത്തിയാൽ രൂപപ്പെടുന്ന തൂക്കുമന്ത്രിസഭ മുന്നിൽകണ്ടാണ്. കർണാടകയിൽ ഇത്തവണ അക്കൗണ്ട് തുറക്കാമെന്നാണ് ആംആദ്മി പാർട്ടിയുടെ കണക്കുകൂട്ടലെങ്കിലും സാധ്യതയില്ല. അതേസമയം, ചിക്കബല്ലാപുരയിലെ പഴയ ചുവപ്പൻകോട്ടയായ ബാഗേപള്ളിയിൽ മികച്ച പ്രചാരണം നയിച്ച ജനകീയനായ സ്ഥാനാർഥിയിൽ സി.പി.എം ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.