കർണാടക സർക്കാർ അതിഥി നിതാഷ കൗളിന് വിലക്ക്
text_fieldsബംഗളൂരു: കർണാടക സർക്കാർ അതിഥിയായെത്തിയ ഇന്ത്യൻ വംശജയും കവിയുമായ യു.കെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസർ നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയച്ച സംഭവം വിവാദത്തിൽ. ശനി, ഞായർ ദിവസങ്ങളിൽ കർണാടക സാമൂഹിക ക്ഷേമ വകുപ്പ് ബംഗളൂരുവിൽ ‘ഭരണഘടനയും ദേശീയ ഐക്യവും’ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ, വിമാനത്താവളത്തിൽ തടഞ്ഞ വിവരം കൗൾ എക്സ് പ്ലാറ്റ്ഫോം വഴിയാണ് പുറത്തുവിട്ടത്. കർണാടക സർക്കാറിന്റെ അവകാശങ്ങൾ കേന്ദ്രം ഏതു വിധമാണ് ചവിട്ടിയരക്കുന്നത് എന്നതിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് കൗളിനെ തിരിച്ചയച്ച സംഭവമെന്ന് സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ തിങ്കളാഴ്ച പ്രതികരിച്ചു. അതേസമയം, കൗളിനെപ്പോലെ ഒരാളെ ക്ഷണിച്ചതാണ് തെറ്റെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എം.എൽ.എ പറഞ്ഞു.
വെള്ളിയാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ തന്നെ തടഞ്ഞ് 24 മണിക്കൂറിനുശേഷമാണ് ലണ്ടനിലേക്ക് തിരിച്ചയച്ചതെന്നാണ് കൗൾ കുറിച്ചത്. ആർ.എസ്.എസിന്റെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും വിമർശകയായാണ് പ്രഫ. നിതാഷ കൗൾ അറിയപ്പെടുന്നത്. വിമാനത്താവളത്തിന് പുറത്തുവിടാതെ തടഞ്ഞുവെച്ച ഇമിഗ്രേഷൻ അധികൃതർക്ക്, താൻ കർണാടക സർക്കാറിന്റെ ഔദ്യോഗിക അതിഥിയാണെന്നതിന്റെ രേഖകളും വിദേശ ഇന്ത്യൻ പൗരയാണെന്നതിന്റെ (ഒ.സി.ഐ) കാർഡും കാണിച്ചിട്ടും വിമാനത്താവളം അധികൃതർ കൂട്ടാക്കിയില്ലെന്ന് കൗൾ പറഞ്ഞു. 12 മണിക്കൂർ സമയമെടുത്താണ് ലണ്ടനിൽ നിന്ന് ബംഗളൂരുവിലെത്തിയത്. 24 മണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. മുഴുസമയവും സി.സി ടി.വി നിരീക്ഷണത്തിലായിരുന്നു. മതിയായ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. പുതപ്പിനും തലയിണക്കും പലതവണ കെഞ്ചിയിട്ടും തന്നില്ല. എന്തിനാണ് തടഞ്ഞുവെച്ചതെന്ന അന്വേഷണത്തിന് അധികൃതർ കൃത്യമായ വിശദീകരണം നൽകിയില്ല. ‘ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ഡൽഹിയിൽ നിന്നുള്ള നിർദേശം അനുസരിക്കുക മാത്രമാണ്’എന്ന് അവർ നിസ്സഹായത പ്രകടിപ്പിച്ചു.
എന്നാൽ, ആർ.എസ്.എസിനെ കുറിച്ച് താൻ നേരത്തേ നടത്തിയ വിമർശനങ്ങൾ ഉദ്യോഗസ്ഥർ സംസാരത്തിനിടെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഹിന്ദുത്വവാദികൾ വർഷങ്ങളായി, തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വിലക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്റെ മാതാവ് താമസിക്കുന്ന വീട്ടിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഭീഷണികളെയെല്ലാം താൻ നിസ്സാരമായിക്കണ്ട് തള്ളുകയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ വിലക്കുള്ള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നത്’- കൗൾ കുറിച്ചു. യു.പിയിലെ ഗോരഖ്പുരിൽ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നിതാഷ കൗൾ ജനിച്ചത്. 21ാം വയസ്സ് മുതൽ ഇംഗ്ലണ്ടിലായിരുന്നു പഠനവും ഗവേഷണവും. ഇന്റർനാഷനൽ പൊളിറ്റിക്സിലും പൊളിറ്റിക്കൽ ഇക്കണോമിയിലും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി.
ആദ്യ നോവലായ ‘റെസിഡ്യൂ’ 2009ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയശേഷം കശ്മീരികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയിൽ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു.
കർണാടക സർക്കാറിന്റെ അവകാശങ്ങൾ ചവിട്ടിയരച്ചു -മന്ത്രി എച്ച്.സി. മഹാദേവപ്പ
കർണാടക സാമൂഹിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭരണഘടനയും ദേശീയ ഐക്യവും’ പരിപാടിയിൽ പങ്കെടുക്കാൻ വരുകയായിരുന്ന പ്രഫ. നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ച സംഭവം സംസ്ഥാന സർക്കാറിന്റെ അവകാശങ്ങൾ കേന്ദ്രം ചവിട്ടിയരക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് വകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. രാജ്യത്തിന് ഭരണഘടന തത്ത്വങ്ങൾ നേരിടുന്ന നാനാവിധ വെല്ലുവിളികളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ദേശീയ താൽപര്യം കാത്തുസൂക്ഷിച്ചും സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടും മുന്നോട്ട് പോകാനുതകുന്ന ആശയങ്ങൾ രൂപപ്പെടുത്താനാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്. അതിന് സംസ്ഥാന സർക്കാറിന് അധികാരവും അവകാശവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ബാബ സാഹേബ് അംബേദ്കറിന്റെ സംഭാവനയായ ലോകോത്തര അംഗീകാരമുള്ള ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന നടപടിയാണ് കൗൾ വിലക്കിലൂടെ കേന്ദ്രം ചെയ്തതെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
കൗളിനെ ക്ഷണിച്ചതാണ് തെറ്റ് -വിജയേന്ദ്ര
ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്ന നിതാഷ കൗളിന് ചുവപ്പ് പരവതാനി വിരിച്ച സിദ്ധരാമയ്യ സർക്കാർ നടപടിയാണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. തീവ്രവാദികളോട് കോൺഗ്രസ് സർക്കാർ കാണിക്കുന്ന സഹാനുഭൂതിയാണ് പ്രകടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.