സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക
text_fieldsബംഗളൂരു: സംസ്ഥാനത്തിനകത്ത് വിമാന യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി സ്വന്തം വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതി കർണാടക സർക്കാർ പരിഗണിക്കുകയാണെന്ന് വ്യവസായ വാണിജ്യ മന്ത്രി എം.ബി. പാട്ടീൽ.
കർണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധ്യമായ കാര്യമല്ല. നടപ്പിലാക്കുകയാണെങ്കിൽ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
100 ദിവസം പൂർത്തിയാക്കിയ സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് പാട്ടീൽ ഇക്കാര്യം പറഞ്ഞത്. കർണാടകയിലെ വിമാനത്താവളങ്ങൾ നേരത്തെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിരുന്നതായി പാട്ടീൽ പറഞ്ഞു. ഈ നീക്കത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമെന്നും ബജറ്റ് വിഹിതത്തിനുള്ള പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ആരംഭിച്ച ശിവമോഗയിലെ കുവെമ്പു വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കർണാടക സർക്കാർ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. സാധാരണയായി, ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ് നടത്തുന്നത്. എന്നാൽ എയർപോർട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടക്കമായാണ് ശിവമോഗ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.