വേൾഡ് ബാങ്കിൽനിന്ന് 3000 കോടി കടമെടുക്കാനൊരുങ്ങി കർണാടക സർക്കാർ
text_fieldsബംഗളൂരു: ബംഗളൂരുവിലെ മഴക്കാലത്തെ വെള്ളക്കെട്ടിനെ നേരിടാൻ പദ്ധതികൾ നടപ്പാക്കുന്നതിന് 3000 കോടിയുടെ ധനസഹായത്തിനായി ലോകബാങ്കുമായി ചർച്ച നടത്തി കർണാടക സർക്കാർ. നഗരത്തിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ ഒരുവർഷം മുമ്പ് കർമപദ്ധതികൾ തയാറാക്കിയിരുന്നു. റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ ബി.ബി.എം.പി, ബി.ഡബ്ല്യു.എസ്.എസ്.ബി, സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എന്നിവയുൾപ്പെടെയുള്ള സിവിൽ ഏജൻസികളുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മഴവെള്ള ചാലുകൾ പുനർവികസിപ്പിക്കുക, തടാകങ്ങളുടെ ജലസംഭരണശേഷി വർധിപ്പിക്കുക, ഭൂഗർഭ മലിനജല ഓടകൾ കാര്യക്ഷമമാക്കുക, മലിനജല സംസ്കരണ പ്ലാന്റുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർദേശം നേരത്തേ യൂനിയൻ സർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. കരാറിന് അന്തിമരൂപം നൽകാൻ സംസ്ഥാന സർക്കാറും വേൾഡ് ബാങ്കും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബൃഹത് ബംഗളൂരു മഹാനഗര പാലികെക്ക് 1000 കോടി, ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡിന് 2000 കോടി എന്നിങ്ങനെയാണ് തുക വീതിച്ചെടുക്കുക. ബി.ഡബ്ല്യു.എസ്.എസ്.ബി മുമ്പ് പല പദ്ധതികൾക്കും വേൾഡ് ബാങ്ക് ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബി.ബി.എം.പി ആദ്യമായാണ് തങ്ങളുടെ പദ്ധതികൾക്ക് വേൾഡ് ബാങ്ക് ഫണ്ട് ഉപയോഗിക്കുന്നത്. മാസാവസാനത്തോടെ പദ്ധതിയുടെ ഡി.പി.ആർ വേൾഡ് ബാങ്കിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.