തെറ്റായ വിവരം; ആജ് തക് ചാനലിനെതിരെ കർണാടക സർക്കാർ നിയമനടപടിക്ക്
text_fieldsKarnataka government to take legal action against Aaj Tak channelബംഗളൂരു: കർണാടക സർക്കാറിന്റെ പദ്ധതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്ത നൽകിയ ആജ് തക് ചാനലിനെതിരെ നിയമനടപടിക്ക് കർണാടക സർക്കാർ. വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ചാനൽ വാർത്ത നൽകിയത്.
പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വകുപ്പ് നൽകിയ പത്രപരസ്യം പ്രദർശിപ്പിച്ച ചാനൽ, ഹിന്ദുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് വിവേചനമാണെന്നാണ് ആരോപിച്ചത്. എന്നാൽ, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി ‘ഐരാവത’ എന്ന പേരിൽ ഇതേ പദ്ധതി കർണാടകയിൽ നിലവിലുണ്ട്. ഇതേ കുറിച്ച് വാർത്തയിൽ പരാമർശിച്ചിരുന്നില്ല. ഒരേ പദ്ധതി ന്യൂനപക്ഷ വികസന കോർപറേഷൻ, ഡോ. ബി.ആർ. അംബേദ്കർ വികസന കോർപറേഷൻ എന്നിവക്ക് കീഴിലാണ് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് അതത് കോർപറേഷനുകളും ടെണ്ടർ ക്ഷണിച്ചതായും സാമൂഹിക ക്ഷേമ മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിൽ ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള ‘സ്വാവലംബി സാരഥി’ പദ്ധതിക്കായി തുകയും വകയിരുത്തിയിരുന്നു.
എന്നാൽ, ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്രപരസ്യം മാത്രം കാണിച്ച ആജ് തക് അവതാരകനായ സുധീർ ചൗധരി, ഈ പദ്ധതി ഹിന്ദുക്കൾക്കുള്ളതല്ലെന്നാണ് പരാമർശിച്ചത്.
‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കിൽ നിങ്ങൾക്ക് സബ്സിഡി കിട്ടില്ല. മുസ്ലിം, സിക്ക്, ബുദ്ധ മതക്കാർക്ക് വാഹനം വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’- സുധീർ ചൗധരി വാർത്താവതരണത്തിൽ പറഞ്ഞു. ഇതേ വാദം പല ബി.ജെ.പി നേതാക്കളും ഉന്നയിച്ചിരുന്നു. പ്രസ്തുത പദ്ധതി ഹിന്ദുക്കൾക്ക് ലഭ്യമല്ലെന്ന് പ്രചരിപ്പിച്ചതിലൂടെ പദ്ധതിയെ വർഗീയവത്കരിക്കാൻ ആജ്തക് ചാനലിന്റെ സുധീർ ചൗധരി ശ്രമിച്ചതായി മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി.
മനഃപൂർവം തെറ്റായ വിവരം പ്രചരിപ്പിച്ചതിന് ചൗധരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ മുൻ സർക്കാറിലും ബി.ജെ.പി ഭരണകാലത്തും ഈ പദ്ധതി നിലവിലുണ്ടായിരുന്നു. 2021-22ൽ ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രസ്തുത പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഈ കാലയളവിൽ 5.4 കോടിയും 2022-23ൽ 7.1 കോടി രൂപയും സർക്കാർ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.