വിദ്യാർഥികളിൽ ഗാന്ധിയൻ ചിന്ത വളർത്താൻ കർണാടക സർക്കാർ
text_fieldsബംഗളൂരു: വിദ്വേഷത്തിനും അക്രമങ്ങൾക്കുമെതിരെ വിദ്യാർഥികളിൽ ഗാന്ധിയൻ ചിന്ത വളർത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്കുശേഷം ഗാന്ധിയൻ ആദർശങ്ങൾ നടപ്പായിരുന്നെന്നും എന്നാൽ, അടുത്ത ഏതാനും വർഷങ്ങളായി രാജ്യത്ത് വർഗീയ-വിദ്വേഷ-അക്രമങ്ങൾ വർധിച്ചുവരികയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ സർക്കാർ യുവതലമുറയിൽ ബോധവത്കരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ ഗാന്ധിയൻ ചിന്തയിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കും. ‘ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ പ്രശ്നങ്ങളും ഗാന്ധിയൻ ചിന്ത നൽകുന്ന പരിഹാരങ്ങളും’ എന്ന വിഷയത്തിൽ പ്രബന്ധമത്സരം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പക്ക് നിർദേശം നൽകി.
ഈ മാസം അവസാനത്തോടെ തന്നെ ആറാം ക്ലാസ് മുതൽ മുകളിലുള്ള വിദ്യാർഥികൾക്ക് മത്സരം സംഘടിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ബോർഡ് പരീക്ഷ അടുത്തതിനാൽ എസ്.എസ്.എൽ.സി, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളെ മത്സരത്തിൽനിന്ന് ഒഴിവാക്കും.
‘മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, രാജ്യത്ത് അദ്ദേഹത്തിന്റെ ആദർശങ്ങൾ കഴിയുന്നിടത്തോളം നടപ്പാക്കി. എന്നാൽ, ഈ അടുത്ത കാലത്ത് ചില ശക്തികൾ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നു. ഭരണവികേന്ദ്രീകരണത്തെ മറികടന്ന് എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കുകയാണ്. താഴേക്കിടയിലുള്ളവർ, ദലിതുകൾ, സ്ത്രീകൾ, ആദിവാസികൾ, തൊഴിലാളികൾ തുടങ്ങിയവർ സജീവമാകുന്നത് തടയാൻ അവരുടെ അവകാശങ്ങൾ എടുത്തുകളയുന്നു...’- വിദ്യാഭ്യാസമന്ത്രിക്ക് സിദ്ധരാമയ്യ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാതിരുന്നവർ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഗാന്ധിജിയുടെ സംഭാവനകളെ ഇകഴ്ത്തിക്കാട്ടുകയാണ്. രാജ്യത്തെ ചെറുഭാഷകളെ വലിയ ഭാഷകൾ വിഴുങ്ങുന്ന സാഹചര്യം നിലനിൽക്കുന്നു. എന്നാൽ, ഇക്കാലത്തെ മിക്ക പ്രശ്നങ്ങൾക്കും ഗാന്ധിയൻ തത്ത്വചിന്തയിലൂടെ പരിഹാരം കാണാൻ കഴിയും.
സർക്കാർ സ്കൂളുകൾക്കു പുറമെ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും യൂനിവേഴ്സിറ്റികളിലും പ്രബന്ധ മത്സരം സംഘടിപ്പിക്കണമെന്നും ഗാന്ധിജിയെക്കുറിച്ച് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അത് ഉപകരിക്കുമെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.