ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും പദ്ധതിയിട്ട് കർണാടക സർക്കാർ
text_fieldsബംഗളൂരു: ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചു. യുവാക്കൾ പുകയിലയ്ക്ക് അടിമപ്പെടുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി സിഗരറ്റ്, മറ്റ് പുകയില ഉൽപന്നങ്ങളിൽ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
സ്‌കൂളുകൾക്ക് പുറമെ ക്ഷേത്രങ്ങൾ, പള്ളികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലും പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. യുവാക്കൾ ഹുക്ക ബാറുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതിനാൽ അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നടപടികൾ ആസൂത്രണം ചെയ്യുന്നതെന്ന് റാവു പറഞ്ഞു. സംസ്ഥാന സർക്കാർ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും നിയമവശങ്ങളും മറ്റും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ട് നിരവധി യുവാക്കളുടെ ഭാവി അപകടത്തിലാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാവു നിയമവിരുദ്ധ പ്രവർത്തനങ്ങൾ വേരോടെ പിഴുതെറിയാൻ സംസ്ഥാനം ഉറച്ച തീരുമാനമെടുത്തതായും പറഞ്ഞു.
സിഗരറ്റ് പോലുള്ള പുകയില ഉൽപന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യത്തിലാണ് ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.