വൃത്തിഹീനമായ ഷവർമ കടകൾക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ
text_fieldsബംഗളൂരു: ഷവർമ കഴിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം. സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പരാതിയെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വൃത്തിഹീനമായ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചു. കബാബ്, ഗോബി മഞ്ചൂരിയൻ, പാനിപൂരി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു അർബൻ ജില്ല, തുംകുരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു, ബല്ലാരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ 10 ജില്ലകളിൽ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഷവർമ സാമ്പിളുകൾ ശേഖരിച്ചു. 17 സാമ്പിളുകളിൽ ഒൻപത് എണ്ണം മാത്രമാണ് ഉപയോഗയോഗ്യം. ബാക്കിയുള്ള സാമ്പിളുകളിൽ ബാക്ടീരിയയുടെയും യീസ്റ്റിന്‍റെയും അംശങ്ങൾ അടങ്ങിയിട്ടുണ്ട്. വൃത്തിഹീനമായ പാചകരീതിയോ ഭക്ഷണശാലകളിൽ നീണ്ടുനിൽക്കുന്ന മാംസം സംഭരിക്കുന്നതോ ആകാം ഇതിന് കാരണം.
ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട്, 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻസ് എന്നിവ പ്രകാരം ഷവർമ തയ്യാറാക്കിയ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും എതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) ലൈസൻസുള്ള ഭക്ഷണശാലകളിൽ നിന്ന് മാത്രമേ ഷവർമ വാങ്ങാവൂ എന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ദിവസവും പുതിയ മാംസം ഉപയോഗിച്ച് ഷവർമ തയ്യാറാക്കണം. ഔട്ട്‌ലെറ്റുകൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിയമപ്രകാരം രജിസ്റ്റർ ചെയ്യാനും ലൈസൻസ് നേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ജൂൺ 24ന് സംസ്ഥാനമൊട്ടാകെ ചിക്കൻ കബാബുകളിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൃത്രിമ നിറങ്ങളിലെ ഘടകങ്ങൾ പൊതുജന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതിനെ തുടർന്നാണ് ഈ തീരുമാനം. നിരോധനം ലംഘിച്ചാൽ കുറഞ്ഞത് ഏഴ് വർഷം വരെ തടവും ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും കൂടാതെ ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.