മോദി താമസിച്ച ഹോട്ടൽ ബിൽ കർണാടക സർക്കാർ നൽകും
text_fieldsബംഗളൂരു: കഴിഞ്ഞ വർഷം ഏപ്രിലിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംഘടിപ്പിച്ച ടൈഗർ പ്രോജക്റ്റ് 50 പരിപാടിക്ക് മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച നക്ഷത്ര ഹോട്ടലിലെ ബിൽ കർണാടക സർക്കാർ അടക്കും. വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ തിങ്കളാഴ്ച അറിയിച്ചതാണിത്. മൈസൂരു എം.ജി റോഡിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിന് 80.60 ലക്ഷം രൂപയാണ് നൽകാനുള്ളത്.
അടുത്ത മാസം ഒന്നിനകം പണം നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് ഹോട്ടൽ മാനേജ്മെന്റ് വനം വകുപ്പ് അധികൃതരെയും ബന്ധപ്പെട്ടവരെയും അറിയിച്ചിരുന്നു. തുക അടക്കാൻ ആവശ്യപ്പെട്ട് ഈ മാസം 21നാണ് ഹോട്ടൽ അധികൃതർ മുറികൾ ബുക്ക് ചെയ്ത മൈസൂരു അശോകപുരം വനം ഡെപ്യൂട്ടി കൺസർവേറ്റർക്ക് കത്തയച്ചത്.
മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ, പൊലീസ് ഐ.ജി, എൻ.ടി.സി.എ, പ്രധാനമന്ത്രിയുടെ ഓഫിസ് ഭരണവിഭാഗം അണ്ടർ സെക്രട്ടറി എന്നിവർക്ക് പകർപ്പും അയച്ചു. ഹോട്ടൽ അയച്ച കത്ത് മേൽ നടപടികൾക്കായി ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. കെ.എൻ. ബസവരാജു വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് കൈമാറിയിരുന്നു. തുടർന്നാണ് തുക അടക്കാൻ മന്ത്രിതലത്തിൽ തീരുമാനമായത്.ടൈഗർ പ്രോജക്റ്റ് 50 പരിപാടിക്ക് മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥ്യം വഹിക്കാൻ കേന്ദ്രം നൽകിയതിനെക്കാൾ 3.33 കോടി രൂപ അധികം ചെലവായതായി മന്ത്രി പറഞ്ഞു. മൂന്ന് കോടിയാണ് കേന്ദ്രം അനുവദിച്ചത്. ചെലവായതാകട്ടെ 6.33 കോടി രൂപയും. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സമയമായതിനാൽ സംഭവിച്ചതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.