പൊള്ളുന്ന ചൂടിൽ കർണാടക
text_fieldsബംഗളൂരു: കർണാടകയിൽ താപനില ഉയർന്നു. സംസ്ഥാനത്തിെൻറ മിക്ക ഭാഗങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെട്ടു. കലബുറഗിയിൽ 43.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഞായറാഴ്ചത്തെ റെക്കോഡ്. തണുപ്പ് വിട്ടകന്ന ബംഗളൂരു നഗരവും ചൂടിലേക്ക് കടന്നു. 37.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബംഗളൂരു നഗരത്തിൽ ഞായറാഴ്ച രേഖപ്പെടുത്തിയത്.
കലബുറഗിക്ക് പുറമെ, റായ്ച്ചൂർ, ബാഗൽകോട്ട്, കൊപ്പാൽ, വിജയപുര ജില്ലകളിലും താപനില 40 ന് മുകളിൽ കടന്നു. റായ്ച്ചൂർ- 41.8 ഡിഗ്രി സെൽഷ്യസ്, ബാഗൽകോട്ട്- 41.5 ഡിഗ്രി സെൽഷ്യസ്, കൊപ്പാൽ - 41.3 ഡിഗ്രി സെൽഷ്യസ്, വിജയപുര - 41 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. അതേസമയം, കർണാടകയുടെ തെക്കൻ ജില്ലകളിൽ 24 മണിക്കൂറിനകം നേരിയ മഴയും പ്രവചിക്കപ്പെടുന്നു. ചാമരാജ് നഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി, ബിദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, ചാമരാജ് നഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്.
കർണാടകയുടെ വടക്കൻ ജില്ലകളിലും ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, രാമനഗര, ശിവമൊഗ്ഗ, ദാവൻഗരെ, മൈസൂരു, മാണ്ഡ്യ, ഹാസൻ, തുമകുരു ജില്ലകളിൽ രണ്ടു ദിവസം രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഉത്തരകന്നഡ, ബെളഗാവി, ബാഗൽകോട്ട്, ധാർവാഡ്, റായ്ച്ചൂർ, കലബുറഗി ജില്ലകളിൽ അടുത്ത രണ്ടു ദിവസം രാത്രികളിൽ കൂടുതൽ ചൂട് അനുഭവപ്പെടും. അന്തരീക്ഷ താപനില ഉയർന്ന പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രികളിൽ സൂര്യാഘാതത്തിനായി പ്രത്യേക വാർഡ് തുറന്നു. ചൂടുള്ള സമയങ്ങളിൽ തലമറച്ച് പുറത്തിറങ്ങണമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.