കോടിയേരിയുടെ ഓർമകളിൽ കർണാടക
text_fieldsബംഗളൂരു: കർണാടകയിലെ പാർട്ടി പ്രവർത്തനത്തിലും ഏറെ കാലമായി സജീവമായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. 2008 മുതല്‍ 12വരെയുള്ള നാലുവര്‍ഷം കര്‍ണാടകത്തിന്റെ ചുമതലയുള്ള പോളിറ്റ്ബ്യൂറോ അംഗമായിരുന്നു അദ്ദേഹം. താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്കൊടുക്കാനായിരുന്നു കർണാടക ഘടകത്തിന് അദ്ദേഹം നല്കിയ പ്രധാന നിര്‍ദേശമെന്ന് പ്രവർത്തകർ അനുസ്മരിക്കുന്നു. പാര്‍ട്ടി യോഗങ്ങളിലും സംസ്ഥാനത്തെ പ്രധാന പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. കർണാടകയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഇടപെടാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു.
കോടിയേരിക്ക് കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന കാലത്ത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ടൂറിസം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ബംഗളൂരുവിലെത്തുമ്പോള്‍ ഇവിടത്തെ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കര്‍ണാടകയിലെ ദക്ഷിണകന്നഡ ജില്ലയിലെ പ്രവര്‍ത്തനത്തിനും തിരിച്ചും നിയോഗിച്ചത് കര്‍ണാടകയിൽ പാര്‍ട്ടിക്ക് ഏറെ ഗുണകരമായി. ദക്ഷിണകന്നഡ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത് അക്കാലത്താണ്. സമാനമായരീതിയില്‍ വയനാട്ടിലുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ മൈസൂരുവിലും കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടകിലും പ്രവര്‍ത്തനങ്ങള്‍ നടത്തി.
സി.പി.എ.സി അനുശോചിച്ചു
ബംഗളൂരു: മുൻ മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എ.സി അനുശോചിച്ചു. ഉദയ നഗറിലുള്ള സി.പി.എ.സി ഹാളിൽ ചേർന്ന യോഗത്തിൽ കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡെന്നിസ് പോൾ, ടി.ജെ. ജോയ്, ആർ.വി. പിള്ള, എസ്. വിശ്വനാഥൻ, പി.പി. പ്രദീപ്, വി.വി. രാഘവൻ, തോമസ് മാത്യു, എം.വി. ശങ്കരൻ, കെ. രവീന്ദ്രൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. സി. കുഞ്ഞപ്പൻ സ്വാഗതവും കെ. ബലരാമൻ നന്ദിയും പറഞ്ഞു.
ജ്വാല അനുശോചിച്ചു
ബംഗളൂരു: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ജ്വാല കൾച്ചറൽ സെന്റർ അനുശോചിച്ചു. സമാനതകളില്ലാതെ, ദീർഘകാലത്തെ ത്യാഗപൂര്‍വമായ ജീവിതം നയിച്ച എല്ലാവരോടും ഊഷ്മള സൗഹൃദം പുലർത്തിയ വ്യക്തിയുമായിരുന്നു കോടിയേരിയെന്ന് യോഗം അനുസ്മരിച്ചു. പി. ഉണ്ണികൃഷ്ണൻ, ടി.ജെ. ജോയ്, വല്ലപ്പുഴ ചന്ദ്രശേഖരൻ, പി. ശ്രീകുമാർ, സി. പത്മനാഭൻ, എൻ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.