കർണാടക നിയമസഭ സമ്മേളനത്തിന് തുടക്കം
text_fieldsതിങ്കളാഴ്ച രാവിലെ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിധാൻ സൗധയിലേക്ക് പുറപ്പെടും മുമ്പ് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ വീട്ടിലെത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുഗ്രഹം തേടുന്നു
ബംഗളൂരു: പതിനാറാം നിയമസഭയുടെ ആദ്യസെഷന് തിങ്കളാഴ്ച തുടക്കമായി. ഇടക്കാല സ്പീക്കറായി സിദ്ധരാമയ്യ സർക്കാർ നിയോഗിച്ച മുതിർന്ന എം.എൽ.എ ആർ.വി. ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും തുടർന്ന് ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരെയും അദ്ഭുതപ്പെടുത്തി ചന്നഗിരി കോൺഗ്രസ് എം.എൽ.എ ബസവരാജു ശിവഗംഗ സത്യപ്രതിജ്ഞ ചെയ്തത് ഡി.കെ. ശിവകുമാറിന്റെ പേരിൽ. തന്റെ ആരാധ്യ ദൈവമായാണ് ശിവകുമാറിനെ ബസവരാജു കാണുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ബസവരാജുവിനെ ഇടക്കാല സ്പീക്കർ ആർ.വി. ദേശ്പാണ്ഡെ സത്യപ്രതിജ്ഞക്ക് വിളിച്ചത്.
ബസവരാജു ശിവകുമാറിന്റെ പേരിൽ സത്യ പ്രതിജ്ഞ ചെയ്തതോടെ ലെജിസ്ലേറ്റിവ് അസംബ്ലി സെക്രട്ടറി എം.കെ. വിശാലാക്ഷി ബസവരാജുവിനോട് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സ്പീക്കറെ വണങ്ങി ബസവരാജു സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ താക്കീത് നൽകിയ സ്പീക്കർ മറ്റംഗങ്ങളോട് വ്യക്തികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.
പുതിയ കോൺഗ്രസ് സർക്കാർ വിധാൻസൗധയിൽ അധികാരത്തിലേറുന്നതിന് മുമ്പ് വിധാൻസൗധ പരിസരം ഗോമൂത്രംതളിച്ച് ശുദ്ധിയാക്കുന്ന കോൺഗ്രസ് പ്രവർത്തകർ. 40 ശതമാനം കമീഷൻ സർക്കാറായ ബി.ജെപി വിധാൻസൗധയെഅശുദ്ധമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ഗോമൂത്ര പ്രയോഗം
ദാവൻകരെ ജില്ലയിലെ ചന്നഗരിയിൽനിന്ന് ആദ്യമായാണ് 42 കാരനായ ബസവരാജു നിയമസഭയിലെത്തുന്നത്. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് ഇയാൾ. അതേസമയം, ശിവകുമാറിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ലെജിസ്ലേറ്റിവ് അസംബ്ലി സെക്രട്ടറി എതിർത്തതിനാൽ ഇത് നിയമസഭ രേഖകളിൽ നിന്ന് നീക്കുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ലോകായുക്ത അഴിമതികേസിൽ അറസ്റ്റിലായ ബി.ജെ.പിയുടെ മദാൽ വിരുപക്ഷപ്പയായിരുന്നു 2018ൽ ചന്നഗിരിയിൽനിന്ന് ജയിച്ചത്. ഇത്തവണ ബി.ജെ.പി ടിക്കറ്റ് നൽകാത്തതിനാൽ മദാലിന്റെ മകൻ മല്ലികാർജുൻ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബസവരാജു 78,000 വോട്ടും മല്ലികാർജുൻ 61,828 വോട്ടുംനേടി.
സുള്ള്യയിൽനിന്നുളള ബി.ജെ.പി എം.എൽ.എ ഭാഗീരഥി മുരുളിയ ദൈവനാമത്തിന് പുറമെ, മണ്ഡലത്തിലെ ജനങ്ങളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. യമകനമാറാടി എം.എൽ.എ സതീഷ് ജാർക്കിഹോളി, ചിറ്റാപുർ എം.എൽ.എ പ്രിയങ്ക് ഖാർഗെ, ബി.ടി.എം. ലേഔട്ട് എം.എൽ.എ രാമലിംഗ റെഡ്ഡി, മംഗളൂരു എം.എൽ.എ യു.ടി. ഖാദർ എന്നിവർ ഇന്ത്യൻ ഭരണഘടനയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.