കർണാടക: ശ്വാസതടസ്സവും പനിയുമുള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
text_fieldsബംഗളൂരു: ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് കർണാടക. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
കോവിഡ് ഹെൽപ് ലൈൻ ശനിയാഴ്ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലുംതോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. കർണാടകയിൽ അടുത്തയാഴ്ച മുതൽ കോവിഡ് കേസുകളുടെ ട്രെൻഡ് കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം കോവിഡ് സാങ്കേതിക സമിതി യോഗം ചേർന്ന് ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. അവ നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു.
കർണാടകയിൽ വെള്ളിയാഴ്ചത്തെ കോവിഡ് കണക്ക്
- റിപ്പോർട്ട് ചെയ്ത കേസുകൾ- 328
- രോഗം ഭേദമായവർ- 409
- മരണം- ഇല്ല
- നിലവിൽ ചികിത്സയിലുള്ളവർ- 1159
- ഹോം ഐസൊലേഷൻ- 1087
- ആശുപത്രിയിൽ കഴിയുന്നവർ- 72
- തീവ്രപരിചരണത്തിൽ കഴിയുന്നവർ- 12
- ആകെ പരിശോധന- 7205
- ആർ.ടി.പി.സി.ആർ- 6418
- ആർ.എ.ടി പരിശോധന- 787
- 24 മണിക്കൂറിനിടയിലെ പോസിറ്റിവിറ്റി റേറ്റ്- 4.55 %
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.