വിദ്യാഭ്യാസ മന്ത്രിക്ക് കന്നട അറിയില്ലെന്ന് വിദ്യാർഥി; വിദ്യാർഥിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് മന്ത്രി
text_fieldsബംഗളൂരു: വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പക്ക് കന്നട അറിയില്ലെന്ന് ആരോപിച്ച് വിദ്യാർഥി. ഇതിൽ ക്ഷുഭിതനായി വിദ്യാർഥിക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ശിപാർശചെയ്തു.
നീറ്റ്, ജെ.ഇ.ഇ, സി.ഇ.ടി മത്സരപരീക്ഷകൾക്കുള്ള 25,000 വിദ്യാർഥികൾക്ക് ഓൺലൈൻ വഴി സൗജന്യ പരിശീലനം നൽകുന്ന പദ്ധതി സംബന്ധിച്ച് വിധാൻ സൗധയിൽ സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിൽ മന്ത്രി സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥിയുടെ കമന്റ് വന്നത്. ആദ്യം നിസ്സാരമായി തള്ളിയ മന്ത്രി പൊടുന്നനെ ക്ഷുഭിതനാവുകയായിരുന്നു. ‘ആരാണത്? പിന്നെ ഞാൻ ഉർദുവിലാണോ സംസാരിക്കുന്നത്? എന്ത് മണ്ടത്തരമാണിത്? ആ ശബ്ദം റെേക്കാഡ് ചെയ്യണം’ -മന്ത്രി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഋതേഷ് കുമാർ, പി.യു കോളജ് വകുപ്പ് ഡയറക്ടർ സിന്ദു രൂപേഷ് എന്നിവർക്ക് നിർദേശം നൽകി.
വിദ്യാഭ്യാസ മന്ത്രിക്ക് കന്നട അറിയില്ലെന്ന ആക്ഷേപം ഗൗരവകരമാണ്. അതുകൊണ്ടുതന്നെ ആരോപണമുന്നയിച്ച വിദ്യാർഥിക്കെതിരെ ബന്ധപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബി.ഇ.ഒ) അന്വേഷിച്ച് നടപടിയെടുക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു.
അതേസമയം, മന്ത്രിക്കെതിരെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. അധരം നിറയെ വിദ്യാർഥികൾക്കുണ്ടാവേണ്ട ധീരത വിളമ്പി, അനിഷ്ട പരാമർശത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്ത മധു ബങ്കാരപ്പ ‘അവിദ്യ മന്ത്രി’യാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.