'മന്ത്രി എന്നെ തല്ലിയതല്ല, കവിളിൽ തലോടിയതാണ്' -മുഖത്തടിച്ച കർണാടക മന്ത്രിയെ പുകഴ്ത്തി അടിയേറ്റ സ്ത്രീ
text_fieldsബംഗളൂരു: ചാമരാജ് നഗറിൽ ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ പരാതിയുമായെത്തിയ വനിതയെ കർണാടക ഭവനമന്ത്രി വി. സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ ട്വിസ്റ്റ്. അടിയേറ്റ കെമ്പമ്മ എന്ന വീട്ടമ്മ മന്ത്രിയെ ദൈവതുല്യനാക്കി വാനോളം പുകഴ്ത്തുന്ന വിഡിയോ മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.
''മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല, കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട്. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു'' -കെമ്പമ്മ പറഞ്ഞു.
''അദ്ദേഹം ഞങ്ങൾക്ക് ഭൂമി നൽകി. ഞങ്ങൾ അടച്ച 4,000 രൂപയും അദ്ദേഹം തിരികെ നൽകി. മറ്റ് ദൈവങ്ങൾക്കും ദേവതകൾക്കും ഒപ്പം അദ്ദേഹത്തിന്റെയും ഫോട്ടോ വീട്ടിൽ സൂക്ഷിച്ച് ഞങ്ങൾ ആരാധിക്കുന്നു'' -മക്കളെയും ചേർത്തുനിർത്തി കെമ്പമ്മ പറഞ്ഞു.
അടിക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയും വാർത്തയാവുകയും ചെയ്തതോടെ മന്ത്രിക്കെതിരെ നാനാതുറകളിൽനിന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു. പിന്നാലെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ 40 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെന്നും പരാതിക്കിടയാക്കിയ സംഭവം ആർക്കെങ്കിലും വേദനയുളവാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മാപ്പ് പറയുന്നുവെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായി വീട്ടമ്മ സ്റ്റേജിലേക്ക് വന്നതോടെ അവരോട് സ്റ്റേജിന് താഴെ കാത്തുനിൽക്കാൻ പറഞ്ഞതായും അതനുസരിക്കാതെ വീണ്ടും സ്റ്റേജിലേക്ക് വരുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ചാമരാജ് നഗറിലെ ഗുണ്ടൽപേട്ട് താലൂക്കിൽ ഹംഗളയിലാണ് വിവാദ സംഭവം. ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് സർക്കാർ പതിച്ചുനൽകിയ ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങായിരുന്നു ഇത്. പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ വിവേചനം കാണിച്ചെന്നാരോപിച്ച് ചില വീട്ടമ്മമാർ മന്ത്രിയെ ഘൊരാവോ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രി വീട്ടമ്മയുടെ കരണത്തടിച്ചത്.
ചാമരാജ് നഗർ ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയാണ് സോമണ്ണ. ജനങ്ങളോടുള്ള കർണാടകയിലെ ബി.ജെ.പി മന്ത്രിമാരുടെ പെരുമാറ്റ രീതിയാണ് സംഭവത്തിൽ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് കുറ്റപ്പെടുത്തി. അധികാരത്തിലിരിക്കുമ്പോൾ ക്ഷമ വേണമെന്നും അതില്ലാത്തവർക്ക് മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. വിവാദത്തിന് പിറകെ ഞായറാഴ്ച കെമ്പമ്മക്ക് ഭൂമി അനുവദിച്ച് മന്ത്രി ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.