മുറിവിൽ തുന്നലിടുന്നതിന് പകരം പശവെച്ച് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെന്റ് ചെയ്തു
text_fieldsബെംഗളൂരു: കർണാടകയിൽ ചികിത്സ തേടി ആശുപത്രിയിൽ എത്തിയ ഏഴുവയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചെന്ന പരാതിയിൽ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.
ജനുവരി 14ന് ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രാഥമികാന്വേഷണത്തിൽ തന്നെ നഴ്സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമീഷണറുടെ റിപ്പോർട്ട് അനുസരിച്ച് മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ഫെവി ക്വിക്ക് പശ കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നഴ്സിനെ സസ്‌പെൻഡ് ചെയ്തത്.
കവിളിലേറ്റ മുറിവ് ചികിത്സിക്കാനാണ് ഏഴുവയസുകാരനെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ എത്തിച്ചത്. എന്നാൽ മുറിവിൽ തുന്നലിട്ടാൽ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ സംഭവത്തിന്റെ വിഡിയോ പകർത്തി പരാതി നൽകി.
ആദ്യം സസ്പെൻഷന് പകരം നഴ്സിനെ അതേ ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ഇത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി. തുടർന്ന് നഴ്സിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം കുട്ടിക്ക് ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെവി ക്വിക്ക് ഉപയോഗിച്ചതിൽ എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.