മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികൾക്കുനേരെ പ്രയോഗിച്ച് കർണാടക പൊലീസ്
text_fieldsബംഗളൂരു: കർണാടകയിൽ ഈയടുത്ത് പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യൻ മതവിശ്വാസികൾക്കുനേരെ പ്രയോഗിച്ച് പൊലീസ്. അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മാണ്ഡ്യ താലൂക്കിലെ കെ.എം ദൊഡ്ഡിയിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾക്കിടയിൽ മതപരിവർത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യൻ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ലഘുലേഖകൾ വിതരണം ചെയ്തവർ ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്. സെപ്റ്റംബർ 30നാണ് സംസ്ഥാനത്ത് മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ആദ്യം അറസ്റ്റിലായത് യശ്വന്ത്പുർ ബി.കെ നഗർ സ്വദേശിയായ സെയ്ദ് മോയിൻ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് മതംമാറ്റിയെന്ന 19കാരിയുടെ മാതാവിന്റെ പരാതിയിലായിരുന്നു ഇത്.
നിയമം ക്രിസ്ത്യാനികൾക്കു നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാർദത്തിന് ഭീഷണിയാണെന്നുമാണ് ബംഗളൂരു ആർച് ബിഷപ് പീറ്റർ മച്ചോഡോ പറയുന്നത്. ചർച്ചിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെയാണ് ലക്ഷ്യംവെക്കുന്നതെന്നും ക്രിസ്ത്യൻ നേതാക്കൾ പറയുന്നു.
സംസ്ഥാനത്തെ ക്രിസ്ത്യൻ ജനസംഖ്യ 11.43 ലക്ഷം (1.87 ശതമാനം) ആണ്. ഏതു തരത്തിലുള്ള മതംമാറ്റവും കുറ്റകൃത്യമാവുന്ന തരത്തിലുള്ള വ്യവസ്ഥകളുള്ള നിയമപ്രകാരം മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.