വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്
text_fieldsബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പരാതിയിൽ കർണാടക പൊലീസ് നടപടികൾ തുടരുന്നു. കേസിൽ ആരോപണവിധേയനായ കണ്ണൂർ സ്വദേശി വിജേഷ് പിള്ളക്കെതിരെ ബംഗളൂരു കൃഷ്ണരാജപുര പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജേഷ് പിള്ളക്ക് വാട്സ് ആപ്പിൽ നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കിൽ കേരള പൊലീസിന്‍റെ സഹായം തേടുമെന്നും കൃഷ്ണരാജപുര പൊലീസ് അറിയിച്ചു. അതേസമയം, താൻ ഒളിവിലല്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കർണാടക പൊലീസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള പ്രതികരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിലെ ‘സുരി’ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിജേഷ് പിള്ള വധഭീഷണിയടക്കം നടത്തിയെന്ന് കാണിച്ച് അഭിഭാഷകനായ കൃഷ്ണരാജ് മുഖേന കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) സ്വപ്ന പരാതി നൽകുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് മാർച്ച് ഒമ്പതിന് ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾ നിർത്തണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നാണ് സ്വപ്ന പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിർദേശപ്രകാരമായിരുന്നു ഇയാൾ എത്തിയതെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ എം.വി. ഗോവിന്ദൻ സ്വപ്നക്കെതിരെ മാനനഷ്ടത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.