കർണാടകയിലെ പാൽവില വർധന; തീരുമാനം പിൻവലിച്ചു
text_fieldsബംഗളൂരു: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ പാൽവില കൂട്ടുന്ന തീരുമാനം പിൻവലിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമതീരുമാനം നവംബർ 20നു ശേഷമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്ത് പാൽ, തൈര് വിലയിൽ ലിറ്ററിന് മൂന്നുരൂപ കൂട്ടാനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചത്. നന്ദിനി പാലിന്റെയും തൈരിന്റെയും വില കെ.എം.എഫ് ആണ് കൂട്ടിയത്. ടോൺഡ് മിൽക്ക് (നീല പാക്കറ്റ്) ലിറ്ററിന് 37 രൂപയിൽനിന്ന് 40 രൂപയായാണ് വർധിപ്പിക്കാൻ തീരുമാനിച്ചത്. അരലിറ്റർ പാക്കറ്റിന് 19ൽനിന്ന് 21 രൂപയായും നിശ്ചയിച്ചിരുന്നു. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില കുതിച്ചുയർന്നതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ.എം.എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പാൽ വിൽപന നടത്തുന്നത് കർണാടകയിലാണെന്നും ജാർക്കിഹോളി പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് പാൽവില ലിറ്ററിന് 2 രൂപ ഉയർത്തിയത്. ജി.എസ്.ടി ഏർപ്പെടുത്തിയതോടെ തൈരിന്റെ വില ജൂണിൽ 2 രൂപ വരെ കൂട്ടിയിരുന്നു. 5 രൂപ വർധിപ്പിക്കണമെന്ന് കെ.എം.എഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. കെ.എം.എഫിന് കീഴിലുള്ള 16 ക്ഷീര സഹകരണ യൂനിയനുകളുടെ കീഴിൽ 24 ലക്ഷം കർഷകരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.