കർണാടക മൂന്നു വർഷ ഡിഗ്രിയിലേക്ക് മടങ്ങുന്നു
text_fieldsബംഗളൂരു: മുൻ വർഷങ്ങളിൽ നടപ്പാക്കിയ നാലു വർഷ ബിരുദത്തിൽനിന്നും ത്രിവത്സര ബിരുദത്തിലേക്ക് മടങ്ങാനൊരുങ്ങി കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന വിദ്യാഭ്യാസ നയ കമീഷന്റെ (എസ്.ഇ.പി) നിർദേശത്തെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായി നടപ്പാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം സിദ്ധരാമയ്യ സർക്കാർ സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയിരുന്നു.
തദ്ഫലമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കനുയോജ്യമായ ബദൽ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് സംസ്ഥാന വിദ്യാഭ്യാസ നയ കമീഷൻ സ്ഥാപിക്കുന്നത്. പ്രഫ. സുഖദേവ് തോറാട്ടിന്റെ നേതൃത്വത്തിൽ എസ്.ഇ.പി കമീഷൻ മൂന്ന് മാസക്കാലം യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥർ, അധ്യാപകർ, വിദഗ്ധർ തുടങ്ങിയവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നാലു വർഷത്തെ ബിരുദം നിർത്തലാക്കാനും മൂന്ന് വർഷ ബിരുദമെന്ന രീതിയിലേക്ക് മടങ്ങാനും ശിപാർശ ചെയ്തത്.
പുതിയ നിർദേശമനുസരിച്ച് മുൻ വർഷങ്ങളിൽ എൻ.ഇ.പി പ്രകാരം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനം പൂർത്തിയാകുമ്പോൾ നാലാം വർഷ ഓണേഴ്സ് ബിരുദം നേടാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മാറ്റം സുഗമമാക്കുന്നതിന് വിദ്യാർഥികളുടെ മുൻഗണനകൾ ഉൾക്കൊള്ളാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പ് കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമുള്ള കോഴ്സ് അവരുടെ നിലവിലെ സ്ഥാപനത്തിൽ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് അടുത്തുള്ള കോളജുകളിൽ പ്രവേശനം നൽകും.
കൂടാതെ, 2021-22, 2023-24 വർഷങ്ങളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്കും നാല് വർഷത്തെ ഓണേഴ്സ് പ്രോഗ്രാം പൂർത്തിയാക്കുന്നവർക്കും പഠനം തുടർന്നുകൊണ്ട് ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം നേടാനുള്ള അവസരമുണ്ട്. മൂന്ന് വർഷത്തെ ബിരുദം തിരഞ്ഞെടുക്കുന്നവർക്ക് രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം പ്രത്യേകമായി ചെയ്യേണ്ടിവരും.
എസ്.എസ്.എൽ.സി: മികച്ച പ്രകടനവുമായി പെൺകുട്ടികൾ
ബംഗളൂരു: ഇന്നലെ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസെസ് ബോർഡ് പ്രഖ്യാപിച്ച എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് പെൺകുട്ടികൾ. 8,59,967 പേർ പരീക്ഷയെഴുതിയതിൽ 6,31,204 പേരാണ് വിജയിച്ചത്. ആൺകുട്ടികളുടെ വിജയശതമാനം 65.9ഉം പെൺകുട്ടികളുടേത് 81.11 ശതമാനവുമാണ്. വിജയശതമാനത്തിൽ ഉഡുപ്പി, ദക്ഷിണ കന്നട, ശിവമൊഗ്ഗ, കുടക്, ഉത്തര കന്നട ജില്ലകളാണ് മുന്നിൽ. യദ്ഗിർ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.