കർണാടക ആർ.ടി.സി ബസുകളിൽ കണ്ടക്ടർമാർ കടങ്കഥയാവുന്നു
text_fieldsബംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് കീഴിൽ സര്‍വിസ് നടത്തുന്ന 10 ശതമാനത്തിലധികം ബസുകളിൽ കണ്ടക്ടര്‍മാരെ ഒഴിവാക്കി. സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന 8000 ബസുകളിൽ 850 എണ്ണത്തിൽ സിംഗ്ള്‍ ക്രൂ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതായി കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടർ അന്‍പു കുമാര്‍ പറഞ്ഞു.
സ്റ്റോപ്പുകള്‍ ഇല്ലാത്തതും കുറവായതുമായ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് പരീക്ഷണം. ബംഗളൂരു -മൈസൂരു, ബംഗളൂരു -ഹാസന്, ബംഗളൂരു -ദാവന്‍ഗരെ, ബംഗളൂരു -ഷിവമോഗ, ബംഗളൂരു -മടിക്കേരി, ബംഗളൂരു -കോലാര്‍ തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടം. ബസ് പുറപ്പെടുന്ന സ്ഥലത്തുനിന്ന് ഡ്രൈവര്‍ ടിക്കറ്റ് നല്‍കും. വഴിയില്‍ നിന്ന് അധിക യാത്രക്കാര്‍ കയറുമ്പോഴും ടിക്കറ്റ് നല്‍കുക ഡ്രൈവർതന്നെ.
ഓര്‍ഡിനറി, പ്രീമിയം ഉൾപ്പെടെ പ്രതിദിനം 8000ത്തിലധികം കെ.എസ്.ആർ.ടി.സി ബസുകള്‍ സംസ്ഥാനത്ത് ദിവസവും 28 ലക്ഷം കിലോമീറ്ററോളം സര്‍വിസ് നടത്തുന്നുണ്ട്. പ്രവര്‍ത്തനച്ചെലവ് വളരെ കൂടുതലാണ്. മൂലധനം, ഡീസല്‍, കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമുള്ള വേതനം എന്നിവയാണ് കിലോമീറ്റർ തല ചെലവിൽ ഉള്‍പ്പെടുന്നത്. ബസ് സര്‍വിസ് നടത്തുന്നതിന് കിലോമീറ്ററിന് 50 രൂപവരെയാണ് ചെലവ്. കിലോമീറ്ററിന് 50 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ചാല്‍ മാത്രമേ കോര്പറേഷൻ ലാഭത്തിലാവൂ. നിലവില്‍ നിരത്തിലോടുന്ന 8000 ബസുകളില്‍ 5000ത്തിനും കിലോമീറ്ററിന് 50 രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്ന് എം.ഡി പറഞ്ഞു.
ബസുകളുടെ പ്രവര്‍ത്തനച്ചെലവ് കുറച്ച് മികച്ച രീതിയില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ് കോർപറേഷൻ ആഗ്രഹിക്കുന്നത്. കിലോമീറ്ററിന് 10 രൂപയോളം ലാഭിക്കാന്‍ കണ്ടക്ടർമാരെ ഒഴിവാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് കഴിയും. അഞ്ച് മണിക്കൂര്‍ വരെ യാത്രസമയമുള്ള റൂട്ടുകളിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂറില്‍ കൂടുതല്‍ യാത്രസമയമുള്ള റൂട്ടുകളില്‍ മറ്റൊരാളുടെ സഹായമില്ലാതെ യാത്രക്കാരെ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് കഴിയില്ലെന്ന് അൻപു കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.