കൂടുതൽ സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർ.ടി.സി
text_fieldsബംഗളൂരു: കർണാടക ആർ.ടി.സിയുടെ ജനപ്രിയ സർവിസായ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ കാറ്റഗറിയിൽപ്പെട്ട ‘അംബാരി ഉത്സവ്’ ബ്രാൻഡിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കി. പുതിയ 20 ബസുകളാണ് എട്ട് റൂട്ടുകളിലേക്കായി സർവിസ് തുടങ്ങിയത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ വെച്ച് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
ബംഗളൂരുവിൽ നിന്നും കോഴിക്കോട്, എറണാകുളം, തൃശൂർ, മംഗളൂരു, കുന്താപുര, നെല്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും വിജയവാഡയിലേക്ക് നാല് ബസുകളുമാണ് സർവിസ് നടത്തുക. 2023 ഫെബ്രുവരിയിലാണ് കെ.എസ്.ആർ.ടി.സി ആദ്യമായി അംബാരി ഉത്സവ് എന്ന ബ്രാൻഡിൽ 20 എ.സി വോൾവേ സ്ലീപ്പർ ബസുകളിറക്കുന്നത്. സ്കാൻഡിനേവിയൻ മാതൃകയിൽ നിർമിച്ച ബസ്, മികച്ച സുരക്ഷയും യാത്രാസുഖവും നൽകുന്നതിനാൽ സർവിസുകൾ തുടങ്ങിയ ഉടനെത്തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബംഗളൂരുവിൽ നിന്നും ചെന്നൈ, ഹൈദരാബാദ്, മംഗളൂരു, കുന്താപുര, മുരുഡേശ്വർ, എറണാകുളം എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യ ഘട്ടത്തിൽ സർവിസുകൾ. ഈ ബസുകളിലെല്ലാം തന്നെ ശരാശരി സീറ്റിങ് ഒക്യുപെൻസി 90 ശതമാനത്തിന് മുകളിലായിരുന്നു. അംബാരി ഉത്സവ് കാറ്റഗറിയിൽപ്പെട്ട ബസുകൾക്ക് കിലോമീറ്ററിന് 79.45 രൂപ ചെലവ് വരുമ്പോൾ 90.42 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു, കെ.എസ്.ആർ.ടി.സി ചെയർമാൻ ആർ. ശ്രീനിവാസ്, വൈസ് ചെയർമാൻ രിസ്വാൻ നവാബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.